മധ്യപ്രദേശിൽ വിഷമദ്യ ദുരന്തം; ഒമ്പതുപേർ മരിച്ചു
ഭോപാൽ: മധ്യപ്രദേശിലെ സാഗർ ജില്ലയിൽ വിഷമദ്യം കഴിച്ച് ഒമ്പതുപേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് മദ്യം കഴിച്ചവർക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇവർ മരിക്കുകയായിരുന്നു.
ഘൂഘർ, നവരാജ്, ബരാജ് ഗ്രാമങ്ങളിലും സമീപ പ്രദേശങ്ങളിലും ഉള്ളവരാണ് മദ്യം കഴിച്ചത്. ഇവരുടെ ആരോഗ്യനില വഷളായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വ്യാജ മദ്യമാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. മദ്യം കഴിച്ച ചിലർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ശനിയാഴ്ച രാത്രി മദ്യം കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. നില ഗുരുതരമായതോടെ കുടുംബാംഗങ്ങൾ ഇവരെ ആശുപത്രികളിലെത്തിച്ചു. എന്നാൽ ചികിത്സക്കിടെ ഒമ്പത് പേരും മരിച്ചതായി അധികൃതർ അറിയിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്തെത്തി അന്വേഷണം ആരംഭിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് പൊലീസ് പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളിൽനിന്നും പ്രദേശവാസികളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മദ്യം എവിടെനിന്നാണ് ലഭിച്ചതെന്നും അത് നിയമവിരുദ്ധമായി നിർമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മദ്യത്തിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിനൊപ്പം വിതരണ ശൃംഖലയെക്കുറിച്ചും അന്വേഷണം നടക്കും.
ഗുജറാത്തിലെ ഭാവ്നഗർ ജില്ലയിൽ കഴിഞ്ഞ മാസം വ്യാജമദ്യം കഴിച്ചതിനെ തുടർന്ന് 13 പേർ മരിക്കുകയും നിരവധി പേർ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് അനധികൃത മദ്യവിൽപ്പനക്കാരെ കസ്റ്റഡിയിലെടുത്തതായി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.