പൊലീസ് രേഖകളിലും പ്രതിഷേധ പ്രകടനങ്ങളിലും ‘ജാതി വിലക്കി’ യു.പി സർക്കാർ; നടപടി അലഹാബാദ് ഹൈകോടതി നിർദേശത്തിന് പിന്നാലെ, തൊലിപ്പുറമേ ചികിത്സയെന്ന് വിമർശനം

ലക്നൗ: സംസ്ഥാനത്ത് പൊലീസ് രേഖകളിലും പ്രതിഷേധ പ്രകടനങ്ങളിലും ജാതി വിലക്കി യു.പി സർക്കാർ. ക്രമസമാധാനത്തിനും, ദേശീയ ഐക്യത്തിനും ഭീഷണിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

സംസ്ഥാനത്ത് രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ജാതി റാലികൾ സംഘടിപ്പിക്കുന്നത് പരസ്പര വൈരമുണ്ടാക്കുന്നുവെന്ന് ഞായറാഴ്ച പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. ഇത്തരം റാലികളിൽ നടപടിയെടുക്കാൻ ചീഫ് സെക്രട്ടറി ദീപക് കുമാറിനെയും ജില്ല മജിസ്ട്രേറ്റുമാരെയും ജില്ല​ പൊലീസ് മേധാവികളെയും ചുമതലപ്പെടുത്തിയാണ് ഉത്തരവ്.

പോലീസ് രേഖകളിൽ ജാതി അടിസ്ഥാനമാക്കിയുള്ള പരാമർശങ്ങളും പൊതു ഇടങ്ങളിൽ ജാതി അടയാളങ്ങളും വിലക്കുന്നതായി ഉത്തരവിലെ പത്തിന നിർദേശങ്ങളിലുണ്ട്. 1988 ലെ കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം വാഹനങ്ങളിൽ ജാതി പേരുകൾ, മുദ്രാവാക്യങ്ങൾ, സ്റ്റിക്കറുകൾ എന്നിവ കണ്ടെത്തിയാൽ പിഴയീടാക്കും.

പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങളിൽ നിർദേശങ്ങൾ ബാധകമല്ലെന്നും അലഹബാദ് ഹൈകോടതിയുടെ സമീപകാല നിർദ്ദേശം ചൂണ്ടിക്കാട്ടി ഉത്തരവിൽ പറയുന്നു. നേരത്തെ, 1989 ലെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകൾ ഒഴികെ, എല്ലാ പോലീസ് രേഖകളിലും ജാതി പരാമർശങ്ങൾ വിലക്കുന്നത് പരിഗണിക്കാൻ കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിനായി ആവശ്യമെങ്കിൽ പോലീസ് ചട്ടങ്ങൾ ഭേദഗതി ചെയ്ത് നടപടിക്രമങ്ങൾ രൂപീകരിച്ച് നടപ്പിലാക്കണമെന്നും ഹൈകോടതി സംസ്ഥാന ആഭ്യന്തര വകുപ്പിനോടും ഡി.ജി.പിയോടും നിർദ്ദേശിച്ചിരുന്നു.

സർക്കാർ ഉത്തരവ് ഇങ്ങനെ:

  • സി.സി.ടി.എൻ.എസ് പോർട്ടലിൽ ഉപയോഗിച്ചിരിക്കുന്ന ഫോർമാറ്റിൽ പ്രതിയുടെ ജാതി പരാമർശിക്കുന്ന കോളം ഇല്ലാതാക്കാനും പ്രതിയുടെ പിതാവിന്റെ പേരിനൊപ്പം മാതാവിന്റെ പേരും പരാമർശിക്കുന്നതിന് ആവശ്യകരമായ ക്രമീകരണങ്ങൾ വരുത്തണം. മാറ്റം നടപ്പിലാവുന്നത് വരെ, ജാതി വിവരങ്ങൾ പോർട്ടലിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം.
  • അറസ്റ്റ് മെമ്മോകൾ, വ്യക്തിഗത സെർച്ച് മെമ്മോകൾ പോലുള്ള പോലീസ് രേഖകളിലും പോലീസ് സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡുകളിലും ജാതി വിവരങ്ങൾ പാടില്ല. പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം പോലെ നിയമപരമായ ബാധ്യതയുള്ള കുറ്റകൃത്യങ്ങൾ മാത്രമാണ് ഇതിന് അപവാദം.
  • പോലീസ് രേഖകളിൽ സംശയിക്കപ്പെടുന്നയാളുടെ അമ്മയുടെയും അച്ഛന്റെയും പേര് ഉണ്ടായിരിക്കണം.
  • ജാതി പേരുകൾ, മുദ്രാവാക്യങ്ങൾ, ജാതിയെ പ്രകീർത്തിക്കുന്ന സ്റ്റിക്കറുകൾ എന്നിവയുള്ള വാഹനങ്ങൾക്കെതിരെ 1988 ലെ കേന്ദ്ര മോട്ടോർ വാഹന നിയമം പ്രകാരം നടപടിയെടുക്കണം.
  • ജാതിയെ മഹത്വവൽക്കരിക്കുന്നതും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെ ജാതി മേഖലകളോ എസ്റ്റേറ്റുകളോ ആയി പ്രഖ്യാപിക്കുന്നതുമായ സൈൻബോർഡുകളോ പ്രഖ്യാപനങ്ങളോ ഉടനടി നീക്കം ചെയ്യണം. ഭാവിയിൽ അത്തരം ബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കണം.
  • ഏതെങ്കിലും ജാതിയെ മഹത്വവൽക്കരിക്കുന്നതോ അധിക്ഷേപിക്കുന്നതോ ആയ സമൂഹമാധ്യമ സന്ദേശങ്ങൾ കർശനമായി നിരീക്ഷിക്കണം. സമൂഹമാധ്യമത്തിലൂടെ ജാതി വിദ്വേഷം പ്രചരിപ്പിക്കുന്നവരോ ജാതി വികാരം ഉണർത്തുന്നവരോ ആയവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

ഹൈകോടതി പറഞ്ഞത്

എല്ലാ സ്വകാര്യ, പൊതു വാഹനങ്ങളിലും ജാതി അടിസ്ഥാനമാക്കിയുള്ള മുദ്രാവാക്യങ്ങളും ജാതി തിരിച്ചറിയൽ ചിഹ്നങ്ങളും വിലക്കി മോട്ടോർ വാഹന നിയമങ്ങളിൽ ഭേദഗതിക്കായി ഒരു നിയന്ത്രണ ചട്ടക്കൂട് തയ്യാറാക്കാൻ ഹൈകോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. സമൂഹ മാധ്യങ്ങളിലെ ജാതി മഹത്വവൽക്കരിക്കുന്നതും വിദ്വേഷം ജനിപ്പിക്കുന്നതുമായ ഉള്ളടക്കം തിരിച്ചറിയാനും നടപടിയെടുക്കുന്നതിനും ഇൻഫർമേഷൻ ടെക്നോളജി നിയമങ്ങൾ, 2021 പ്രകാരം വ്യവസ്ഥകൾ ശക്തിപ്പെടുത്തണം.

ഉത്തർപ്രദേശിലെ പോലീസ് സ്റ്റേഷനുകളിലെ നോട്ടീസ് ബോർഡുകളിൽ പ്രതിയുടെ പേരിന് നേരെ ജാതിയുടെ ഒരു കോളം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഇത് ഉടൻ നീക്കാൻ നടപടി സ്വീകരിക്കാൻ സർക്കാറിന് നിർദേശം നൽകി. സംസ്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിൽ പോലും ജാതിയെ പ്രകീർത്തിക്കുന്ന ബോർഡുകൾ വ്യാപകമാണ്. ചില ഭൂവിഭാഗങ്ങളെ പോലും ഇത്തരത്തിൽ ജാതി മേഖലക​ളോ എസ്റ്റേറ്റുകളോ ആയി പ്രഖ്യാപിക്കുന്ന സൈൻബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും” കോടതി നിരീക്ഷിച്ചു. ഇവ നീക്കം ചെയ്യാനും കോടതി ആവശ്യപ്പെട്ടിരുന്നു.

അതൃപ്തിയുമായി പാർട്ടികൾ

കോടതി നിർദേശം അപ്പാടെ നടപ്പിലാക്കുന്നത് സംസ്ഥാനത്ത് ​എൻ.ഡി.എ സഖ്യകക്ഷികളിൽ തന്നെ എതിർപ്പിന് കാരണമായിട്ടുണ്ട്. ജാതി സമവാക്യങ്ങൾ നിർണായകമായ സംസ്ഥാനം 2027ൽ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങവെ ഇത്തരത്തിലുള്ള നടപടി എലിയെ പേടിച്ച് ഇല്ലം ചുടലാണെന്നാണ് വിമർശനമുയരുന്നത്.

ജാതിയമായി നിലനിൽക്കുന്ന അസമത്വങ്ങൾക്കും സാമൂഹിക വിവേചനങ്ങൾക്കും പരിഹാരം കാണാതെ കോടതി നിർദേശത്തെ ചൂണ്ടി ഏകപക്ഷീയമായി നിയ​ന്ത്രണം അടിച്ചേൽപ്പിക്കുന്നത്  ഹിന്ദുത്വ ഏകീകരണം ലക്ഷ്യമിടുന്ന സംഘപരിവാർ അജണ്ടയാണെന്നും തൊലിപ്പുറമേ ചികിത്സയാണെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു. 

നിഷാദ് പാർട്ടി, സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി, അപ്‌നാ ദൾ പോലുള്ള എൻ.ഡി.എ സഖ്യകക്ഷികളെയും, പ്രതിപക്ഷത്തെയും ഈ ഉത്തരവ് സ്വാധീനിക്കാൻ സാധ്യതയുണ്ട്. ജാതി അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾ അടക്കം സജീവമായ സംസ്ഥാനത്ത്, ഉത്തരവ് കോടതിയുടെ കണ്ണിൽ ​പൊടിയിടലാണെന്നും വിമർശനമുണ്ട്. ​

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജാതി കേന്ദ്രങ്ങളിൽ പ്രത്യേക യോഗങ്ങൾക്കടക്കം പാർട്ടികൾ ഇതിനകം തുടക്കമിട്ടിട്ടുണ്ട്. യോഗി ഗവൺമെന്റിൽ നിർണായക സ്വാധീനമുള്ള കക്ഷികൾ വരെ ഇക്കൂട്ടത്തിലുണ്ട്. ഈ സാഹചര്യത്തിൽ ഉത്തരവ് ഏതുതരത്തിൽ നടപ്പാക്കുമെന്നും ചോദ്യമുയരുന്നുണ്ട്. അതേസമയം, ഉത്തരവ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും പ്രത്യേക വിഭാഗങ്ങളെ ലക്ഷ്യമിടാൻ ഉപയോഗിച്ചേക്കാമെന്നും വിവിധ കക്ഷികൾ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

News Summary - UP prohibits caste-based political rallies, public signs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.