എന്തും സംഭവിക്കാം, ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടേക്കും...; അഅ്സം ഖാനെയും മകനെയും ജയിൽ മാറ്റി

രാംപൂർ: വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ ശിക്ഷിക്കപ്പെട്ട സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാനെയും മകൻ അബ്ദുല്ല അഅ്സമിനെയും വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റി. കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അഅ്സമിനും

ഭാര്യക്കും മകനും ഏഴുവർഷം തടവ് ശിക്ഷ വിധിച്ച് രാംപൂർ കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. രാംപൂർ ജയിലിൽനിന്നാണ് ‍ഉത്തർപ്രദേശ് പൊലീസ് അഅ്സമിനെയും മകനെയും വ്യത്യസ്ത ജയിലുകളിലേക്ക് മാറ്റിയത്. ഭാര്യ തൻസീം ഫാത്തിമ രാംപൂർ ജയിലിൽ തന്നെ തുടരും. തങ്ങൾക്ക് എന്തും സംഭവിക്കാമെന്ന് ജയിൽമാറ്റാനായി പൊലീസ് വാഹനത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ അഅ്സം ഖാൻ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞങ്ങൾക്ക് എന്തും സംഭവിക്കാം, ഏറ്റുമുട്ടിൽ കൊലപ്പെടുത്തിയേക്കാം’ -അദ്ദേഹം പറഞ്ഞു. കനത്ത പൊലീസ് സുരക്ഷയിലാണ് ഇരുവരെയും ജയിലിൽനിന്ന് മാറ്റിയത്.

സുരക്ഷ പ്രശ്നങ്ങളെ തുടർന്നാണ് ഇരുവരെയും മറ്റു ജയിലുകളിലേക്ക് മാറ്റിയതെന്ന് രാംപൂർ അഡീഷണൽ എസ്.പി സൻസാർ സിങ് പറഞ്ഞു. അഅ്സം ഖാനെ ഹാർദോയ് ജയിലിലേക്കും മകനെ സീതാപുർ ജയിലിലേക്കുമാണ് മാറ്റിയതെന്നാണ് സൂചന. അഅ്സം ഖാൻ രണ്ടു ജനന സർട്ടിഫിക്കറ്റ് കൈവശം വെച്ചെന്നാണ് കേസ്. ആദ്യത്തെ ജനനസർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് അഅ്സം ഖാൻ പാസ്പോർട്ട് എടുത്തതും വിദേശയാത്രകൾ നടത്തുന്നത് എന്നാണ് ആരോപണം.

സർക്കാർ സംബന്ധമായ ആവശ്യങ്ങൾക്ക് രണ്ടാമത്തെ ജനനസർട്ടിഫിക്കറ്റാണ് ഉപയോഗിക്കുന്നത്. രണ്ട് സർട്ടിഫിക്കറ്റുകളും സ്വന്തമാക്കിയത് വ്യാജമായാണെന്നും പരാതിയിലുണ്ട്. രാംപൂർ നഗരസഭ 2012 ജൂൺ 28നാണ് ആദ്യ ജനനസർട്ടിഫിക്കറ്റ് അനുവദിച്ചത്. ഇതിൽ രാംപൂർ ആണ് അഅ്സം ഖാന്റെ ജൻമസ്ഥലമായി കാണിച്ചിട്ടുള്ളത്. 2015ൽ ലഭിച്ച ജനനസർട്ടിഫിക്കറ്റിൽ ലഖ്നോ ആണ് ജന്മസ്ഥലം. അഅ്സം ഖാന് രണ്ട് ജനനസർട്ടിഫിക്കറ്റുണ്ടെന്ന് കാണിച്ച് ബി.ജെ.പി എം.എൽ.എ ആകാശ് സക്സേനയാണ് പരാതി നൽകിയത്. പരാതിയിൽ അഅ്സം ഖാന്റെ ഭാര്യയെയും പ്രതിചേർത്തിരുന്നു.

15 വർഷം പഴക്കമുള്ള അഴിമതിക്കേസിൽ രണ്ടുവർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ അഅ്സം ഖാന്റെ എം.എൽ.എ സ്ഥാനം നഷ്ടമായിരുന്നു. എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ കേസിൽ ഇടക്കാല സ്റ്റേ അനുവദിക്കാൻ കഴിഞ്ഞാഴ്ച സുപ്രീംകോടതി വിസമ്മതിച്ചിരുന്നു.

Tags:    
News Summary - UP Police Shift Azam Khan & Son Abdullah To Different Jails

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.