Representative Image
ലഖ്നോ: ഉത്തർപ്രദേശിലെ മഥുരയിൽ മുസ്‍ലിം വോട്ടർമാരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്ന് പരാതി. ബൂത്തുതല ഓഫീസർമാർ ഇവരെ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് റിപ്പോർട്ട്. സ്ക്രോളാണ് ഈ വാർത്ത പുറത്തുവിട്ടത്.
ജംറുൽ നിഷയെന്ന 74കാരി ലോക്സഭ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിൽ വോട്ട് ചെയ്യുന്നതിനായാണ് പോളിങ് ബൂത്തിലെത്തിയത്. ജംറുൽ നിഷക്കും കുടുംബാംഗങ്ങൾക്കുമെല്ലാം വോട്ടേഴ്സ് സ്ലിപ്പ് ലഭിച്ചിരുന്നു. വോട്ടർപട്ടികയിലും ഇവരുടെ പേരുണ്ടായിരുന്നു. എന്നാൽ, വോട്ടർപട്ടികയിൽ ജംറുൽ എന്ന പേര് മാത്രമാണ് ഉള്ളതെന്ന് പറഞ്ഞ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വോട്ട് ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഇവരുടെ പൂർണമായ പേരുണ്ടെന്നാണ് റിപ്പോർട്ട്.
ഏപ്രിൽ 26ന് മഥുരയിൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ 49.9 ശതമാനം പോളിങ് മാത്രമാണ് രേഖപ്പെടുത്തിയത്. ഉത്തർപ്രദേശിൽ ഇതുവരെ വോട്ടെടുപ്പ് നടന്ന 16 മണ്ഡലങ്ങളിൽ ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത് മഥുരയിലാണ്. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മഥുരയിൽ 60.7 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.
മഥുര മണ്ഡലത്തിലെ വോട്ടറായ മുഹമ്മദ് സാബുവിനും വോട്ട് ചെയ്യാൻ സാധിച്ചില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതായിരുന്നു കാരണം. 30 മിനിറ്റോളം തിരഞ്ഞിട്ടും തന്റെ പേര് ലിസ്റ്റിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് മുഹമ്മദ് സാബു പറഞ്ഞു. മണ്ഡലത്തിലെ മറ്റൊരു വോട്ടറായ സാഹിർ അലി തെന്റ കുടുംബത്തിലെ നാല് പേർക്ക് വോട്ട് ചെയ്യാൻ സാധിച്ചില്ലെന്ന് അറിയിച്ചു. തന്റെ നാല് മക്കൾക്കാണ് വോട്ട് ചെയ്യാൻ കഴിയാതിരുന്നത്. വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി വോട്ടവകാശം നിഷേധിക്കുകയായിരുന്നുവെന്ന് സാഹിർ അലി പറഞ്ഞു. അതേസമയം, മഥുരയിലെ ഹിന്ദുവിഭാഗത്തിൽ നിന്നുള്ളവർ തങ്ങൾക്ക് വോട്ട് ചെയ്യാൻ ഒരു പ്രയാസവും നേരിട്ടില്ലെന്ന് സ്ക്രോളിനോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.