ന്യൂഡൽഹി: ഹിന്ദു സംഘടനകൾ ആവശ്യപ്പെട്ടതിന് പിന്നാലെ ഗാസിയാബാദിന്റെയും പേര് മാറ്റാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. ഗജ്നഗർ അഥവാ ഹർനന്ദി നഗർ എന്നായിരിക്കും ഗാസിയാബാദിൻ്റെ പുതിയ പേരെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച ചേരുന്ന യോഗത്തിൽ വിഷയം ഗാസിയാബാദ് സിവിക് ബോഡി ചർച്ച ചെയ്യും.
പേര് മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെയും ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും ഇത് സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തുന്നത് ആദ്യമായാണെന്ന് ഗാസിയാബാദ് മേയർ സുനിത ദയാലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ബോർഡ് അംഗീകരിച്ചാൽ നിർദേശം സംസ്ഥാന സർക്കാരിന് കൈമാറും. കേന്ദ്ര സർക്കാരിൻ്റേതായിരിക്കും അന്തിമ തീരുമാനം.
അലഹബാദിലെ പ്രയാഗ് രാജിന്റെ പേര് മാറ്റിയതിന് പിന്നാലെയാണ് ഗാസിയാബാദിൻ്റെ പേര് മാറ്റണമെന്ന ആവശ്യം ശക്തമായത്.
1740ലെ മുഗൾ ഭരണത്തിന് കീഴിൽ ഗാസിയുദ്ദീന്റെ പേരിൽ സ്ഥാപിതമായതാണ് ഗാസിയാബാദ്. ഗാസിയുദ്ദീൻ നഗർ എന്നായിരുന്നു ആദ്യ പേര്. റെയിൽവേ സംവിധാനം ആരംഭിച്ചതോടെയാണ് ഗാസിയാബാദ് എന്നറിയപ്പെടാൻ തുടങ്ങിയത്. 1976 നവംബർ 14ന് മുമ്പ് ഗാസിയാബാദ് മീററ്റ് ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ഗാസിയാബാദിനെ ജില്ലയായി പ്രഖ്യാപിക്കുകയായിരുന്നു. യു.പിയുടെ ഗേറ്റ് വേ എന്നാണ് ഗാസിയാബാദ് അറിയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.