അലീഗഢ്: ആ അമ്മക്ക് അത്രക്ക് ഉറപ്പുണ്ടായിരുന്നു, മകൻ നിരപരാധിയാണെന്ന്. മകന്റെ നിരപരാധിത്വം തെളിയിക്കാൻ ഏഴു വർഷമായി പോരാട്ടത്തിലായിരുന്നു. സ്വന്തം മകനെ ജയിലിന് പുറത്തെത്തിക്കാൻ അവർ തന്നെ കുറ്റാന്വേഷകയുടെ വേഷവും അണിഞ്ഞു. മകൻ 'കൊന്നതായി' ആരോപിക്കപ്പെട്ട ആ പെൺകുട്ടിയെ അവർ കണ്ടെത്തുകതന്നെ ചെയ്തു. ഉത്തർപ്രദേശിലെ അലീഗഢിലാണ് വിസ്മയിപ്പിക്കുന്ന സംഭവം.
2015ലാണ് 15 വയസ്സുള്ള പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി അലീഗഢിലെ ഗോണ്ട പൊലീസ് സ്റ്റേഷനിൽ പിതാവ് പരാതി നൽകുന്നത്. ദിവസങ്ങൾക്ക് ശേഷം ആഗ്രയിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയുടെ പിതാവ് മൃതദേഹം തിരിച്ചറിഞ്ഞതോടെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. ഇതോടെ ഇപ്പോൾ 25 വയസ്സുള്ള വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചു. പൊലീസ് അന്വേഷണത്തിൽ തൃപ്തിയില്ലാതിരുന്ന വിഷ്ണുവിന്റെ മാതാവ് അന്ന് മുതൽ സമാന്തര അന്വേഷണം ആരംഭിച്ചു. ദിവസങ്ങൾക്കുമുമ്പ് ഹാഥറസിൽ മതപരമായ ചടങ്ങുകൾക്കായി പോയപ്പോഴാണ് 'കൊല്ലപ്പെട്ട' പെൺകുട്ടിയെ കണ്ടെത്തുന്നത്. ഉടൻ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുക്കുകയും കോടതിമുമ്പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. പെൺകുട്ടിയുടെ ഡി.എൻ.എ പരിശോധന ഉടൻ നടത്തുമെന്നും അതിനുശേഷം റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
'തന്റെ മകനെ കേസിൽ കുടുക്കിയതാണെന്ന് ബോധ്യമുണ്ടായിരുന്നു. ഇതോടെ അവന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം അന്വേഷണം ആരംഭിക്കുകയായിരുന്നു' -മാതാവ് പറഞ്ഞു. അതേസമയം, ഏഴ് വർഷം മുമ്പ് കണ്ടെത്തിയ മൃതദേഹം ആരുടേതാണ് എന്നത് സംബന്ധിച്ച് വ്യക്തത വരേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.