ലഖ്നോ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ മുനിസിപ്പൽ കോർപ്പറേഷനിലെ കൗൺസിലർമാർ ഗംഗാജലം കയ്യിലേന്തി കൈക്കൂലി പണം തുല്യമായി വീതിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നതായി പറയപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെ തുടർന്ന് സംഭവത്തിൽ ഔദ്യോഗിക അന്വേഷണത്തിന് ഉത്തരവിട്ടു.
ഒരു പാത്രത്തിൽ ഗംഗാജലവുമായി ഒരാൾ നേതൃത്വം നൽകുന്നതും, മറ്റുള്ളവർ വെള്ളം കയ്യിൽ പിടിച്ച് വാക്കുകൾ ഏറ്റുപറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ലഭിക്കുന്ന കൈക്കൂലി തുക 60 പേർക്കായി തുല്യമായി വീതിക്കുമെന്നതാണ് ഈ പ്രതിജ്ഞയുടെ ഉള്ളടക്കം. ഏതെങ്കിലും അംഗത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടായാൽ പരസ്പരം പിന്തുണയ്ക്കുമെന്നും പറയുന്നു.
കൂടാതെ, കൂട്ടായ്മയിലെ കരാർ ലംഘിക്കുന്നവരെ ‘ചതിയാൻ’ എന്ന് വിശേഷിപ്പിക്കുന്ന അധിക്ഷേപ പരാമർശങ്ങളും വീഡിയോയിലുണ്ട്. മുനിസിപ്പൽ കൗൺസിലർമാർക്കെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങൾക്ക് ഈ ദൃശ്യങ്ങൾ വഴിവെച്ചിട്ടുണ്ട്. ഇതിനിടയിൽ, ഒരു കൗൺസിലറുടെ സ്വത്തുക്കളിൽ ഉണ്ടായ വൻ വർധനവിനെക്കുറിച്ചും സമൂഹമാധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കുറച്ചുവർഷങ്ങൾക്ക് മുമ്പ് ഒരു വീട് മാത്രമുണ്ടായിരുന്ന കൗൺസിലർ പിന്നീട് നിരവധി സ്വത്തുക്കളും ആഡംബര വാഹനങ്ങളും സ്വന്തമാക്കിയെന്ന തരത്തിലുള്ള വാർത്തയും പ്രചരിക്കുന്നുണ്ട്. എന്നാൽ ദൃശ്യങ്ങളിൽ ഉള്ളവരുടെ യഥാർഥ വിവരങ്ങളോ, വീഡിയോയുടെ ആധികാരികതയോ സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, മറ്റൊരു കമ്മീഷണർ കോർപ്പറേഷന്റെ തലപ്പത്തിരുന്ന 2025 നവംബറിലാണ് ഈ വീഡിയോ ചിത്രീകരിച്ചതെന്നാണ് മുനിസിപ്പൽ കമ്മീഷണർ സൗമ്യ ഗുരുരാണി പ്രസ്താവിച്ചത്. തന്റെ ഔദ്യോഗിക കാലാവധിക്ക് മുമ്പുള്ളതാണ് ദൃശ്യങ്ങളെങ്കിലും സംഭവത്തിൽ ഇപ്പോൾ അന്വേഷണം ഉത്തരവിട്ടിട്ടുണ്ടെന്ന് അവർ വ്യക്തമാക്കി. വീഡിയോയെക്കുറിച്ചും അഴിമതി ആരോപണങ്ങളെക്കുറിച്ചുമുള്ള യാഥാർഥ്യങ്ങൾ അന്വേഷണത്തിൽ തെളിഞ്ഞതിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും കമ്മീഷണർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.