രാംദാസ് അത്തേവാലെ

'മറാഠി അറിയാത്തതിന്റെ പേരിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധം': കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ

മുംബൈ: മഹാരാഷ്ട്രയിൽ മറാഠി ഭാഷ അറിയാത്തതിന്റെ പേരിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നത് ഭരണഘടനാ വിരുദ്ധവും അനീതിയുമാണെന്ന് കേന്ദ്ര സാമൂഹിക നീതി സഹമന്ത്രി രാംദാസ് അത്തേവാലെ. മറാഠി ഭാഷ പഠിക്കുന്നതിനെ താൻ എതിർക്കുന്നില്ലെന്നും എന്നാൽ ഭാഷാ പ്രാവീണ്യമില്ലെന്ന കാരണത്താൽ സാധാരണക്കാരുടെ ലൈസൻസ് റദ്ദാക്കാൻ ഉത്തരവിറക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

മുംബൈ രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമാണെന്നും രാജ്യത്തിന്റെ ഏത് ഭാഗത്തുനിന്നുള്ളവർക്കും ഇവിടെ വന്ന് ജോലി ചെയ്യാനുള്ള അവകാശമുണ്ടെന്നും എൻഡിഎ ഘടകകക്ഷി നേതാവായ അത്തേവാലെ ഓർമിപ്പിച്ചു. മുംബൈയിലെ മറാഠി ഇതര ജനവിഭാഗങ്ങളിൽ 60 ശതമാനത്തോളം പേരും എൻഡിഎയ്ക്ക് വോട്ട് ചെയ്തവരാണെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മറാഠി സംസാരിക്കാൻ പഠിക്കുന്നതിനായി കുടിയേറ്റ ഡ്രൈവർമാർക്ക് മഹാരാഷ്ട്ര സർക്കാർ ഒരു വർഷത്തെ സാവകാശം നൽകിയിട്ടുണ്ടെങ്കിലും, ഭാഷ പഠിക്കാൻ ഇത്രയധികം സമ്മർദ്ദം ചെലുത്തുന്നത് ഉചിതമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

വാണിജ്യ യാത്രാ വാഹനങ്ങളിലെ ഡ്രൈവർമാർക്ക് മറാഠി ഭാഷ നിർബന്ധമാക്കിക്കൊണ്ട് ഗതാഗത വകുപ്പ് ഏപ്രിലിൽ ഉത്തരവിറക്കുകയും ഓഗസ്റ്റ് 15 സമയപരിധി നിശ്ചയിക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 1,200-ലധികം ഡ്രൈവർമാർക്ക് ആർടിഒ നോട്ടീസ് അയച്ചതോടെയാണ് വിഷയം വലിയ രാഷ്ട്രീയ ചർച്ചയായത്. ടാക്സി യൂണിയനുകളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് ഡ്രൈവർമാർക്കെതിരെ നടപടിയെടുക്കുന്നത് ഒരു വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

Tags:    
News Summary - Cancelling Drivers' Licences for Not Knowing Marathi Unconstitutional: Union Minister Ramdas Athawale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.