ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്
ന്യൂഡൽഹി: സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ ആഗോള പോരാട്ടം പ്രസംഗങ്ങളിലും റിപ്പോർട്ടുകളിലും ഒതുങ്ങാതെ അനധികൃത സ്വത്ത് തിരിച്ചുപിടിക്കുന്നതിലേക്ക് നീങ്ങണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്. ആഗോളതലത്തിൽ അനധികൃതമായി സമ്പാദിക്കുന്ന വൻതുകയിൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് തിരിച്ചുപിടിക്കപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേംബ്രിഡ്ജിൽ നടന്ന 43-ാമത് ഇന്റർനാഷണൽ സിംപോസിയം ഓൺ ഇക്കണോമിക് ക്രൈമിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക കുറ്റകൃത്യങ്ങൾ ആധുനിക കാലത്തിന്റെ മാത്രം പ്രതിഭാസമല്ലെന്നും നൂറ്റാണ്ടുകളായി വിവിധ രൂപങ്ങളിൽ അവ നിലനിന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളുടെ രീതികൾ കൂടുതൽ സങ്കീർണമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.സി. നാലാം നൂറ്റാണ്ടിലെ ഗ്രീക്ക് വ്യാപാരി ഹെഗെസ്ട്രാറ്റോസിന്റെ സംഭവവും ചീഫ് ജസ്റ്റിസ് പരാമർശിച്ചു. ഇൻഷുറൻസ് തുക തട്ടിയെടുക്കുന്നതിനായി കപ്പൽ മുക്കാൻ ഇയാൾ പദ്ധതിയിട്ടിരുന്നതായാണ് ചരിത്രരേഖകൾ സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ മണി ലോണ്ടറിംഗ് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പുകൾ തുടങ്ങിയവ സാമ്പത്തിക കുറ്റകൃത്യങ്ങൾ പുതിയ രൂപങ്ങളിൽ തുടരുന്നതിന്റെ ഉദാഹരണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനധികൃത സ്വത്ത് കണ്ടെത്താനും മരവിപ്പിക്കാനും തിരിച്ചുപിടിക്കാനും രാജ്യങ്ങൾ കൂടുതൽ കാര്യക്ഷമമായ സംവിധാനങ്ങൾ ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യയിലെ 2002ലെ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്ട്, 2018ലെ ഫ്യൂജിറ്റീവ് ഇക്കണോമിക് ഒഫൻഡേഴ്സ് ആക്ട്, പ്രത്യേക അന്വേഷണ ഏജൻസികൾ, പ്രത്യേക കോടതികൾ എന്നിവ ചേർന്നുള്ള സംവിധാനവും അദ്ദേഹം വിശദീകരിച്ചു.
കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ സർക്കാർ വരുമാനം തട്ടിയെടുക്കുന്നതിനുള്ള 40 മാർഗങ്ങൾ വിവരിച്ചിട്ടുണ്ടെന്നും അഴിമതി തടയാൻ പരിശോധന, രഹസ്യവിവര ശേഖരണം, രേഖകളുടെ പരസ്പര പരിശോധന തുടങ്ങിയ നടപടികൾ നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനധികൃത പണം രാജ്യാതിർത്തികൾ കടന്ന് നീങ്ങുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പരസ്പര നിയമസഹായം, സാമ്പത്തിക വിവരങ്ങളുടെ കൈമാറ്റം, യഥാർഥ ഉടമസ്ഥരെ തിരിച്ചറിയാനുള്ള സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സാമ്പത്തിക കുറ്റകൃത്യങ്ങൾക്കെതിരായ പോരാട്ടത്തിന്റെ വിജയം പ്രസംഗങ്ങളിലോ റിപ്പോർട്ടുകളിലോ അല്ല മറിച്ച് കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച സ്വത്ത് എത്രത്തോളം കണ്ടെത്തി തിരിച്ചുപിടിക്കാനാകുന്നു എന്നതിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.