സുധ ഭരദ്വാജ്, പി. വരവരറാവു, വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര
മുംബൈ: ഭീമ കൊറേഗാവ്-എൽഗാർ പരിഷത്ത് കേസിൽ പ്രതികളായ നാല് പ്രമുഖ സാമൂഹിക പ്രവർത്തകരുടെ ജാമ്യം റദ്ദാക്കണമെന്ന ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അപേക്ഷ മുംബൈയിലെ പ്രത്യേക കോടതി തള്ളി. തെലുങ്ക് കവി പി. വരവരറാവു, അഭിഭാഷകയും മനുഷ്യാവകാശ പ്രവർത്തകയുമായ സുധാ ഭരദ്വാജ്, ആക്ടിവിസ്റ്റുകളായ വെർണൻ ഗോൺസാൽവസ്, അരുൺ ഫെരേര എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് എൻഐഎ പ്രത്യേക കോടതിയെ സമീപിച്ചിരുന്നത്. പ്രതികൾ ജാമ്യവ്യവസ്ഥകൾ ലംഘിച്ചുവെന്ന് തെളിയിക്കുന്നതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് സാധിച്ചില്ലെന്ന് വ്യക്തമാക്കിയാണ് പ്രത്യേക ജഡ്ജി ചകോർ എസ്. ബവിസ്കർ ഹരജി തള്ളിയത്.
2026 ജനുവരി 19-ന് മുംബൈ പ്രസ് ക്ലബ്ബിൽ നടന്ന ഒരു പരിപാടിയിൽ ഈ നാല് പേരും ഒത്തുചേർന്നെന്നും, ഇത് സഹപ്രതികളുമായി ആശയവിനിമയം നടത്തരുതെന്ന ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നുമായിരുന്നു എൻഐഎയുടെ പ്രധാന വാദം. മാവോയിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കാനും 'അർബൻ നക്സൽ' പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുമാണ് ഇവർ ഒത്തുകൂടിയതെന്നും എൻഐഎ ആരോപിച്ചിരുന്നു.
എന്നാൽ, ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളിൽ ശബ്ദമില്ലാത്തതിനാൽ ഇവർ എന്ത് കാര്യമാണ് സംസാരിച്ചതെന്ന് കണ്ടെത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പരിസരങ്ങളിൽ കേസിന്റെ ഭാഗമായി പ്രതികൾ കണ്ടുമുട്ടുന്നതിന് സമാനമായ ഒരു കൂടിച്ചേരൽ മാത്രമാണിതെന്നും, മുൻകൂട്ടി ആസൂത്രണം ചെയ്തോ സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ആണ് ഒത്തുചേർന്നത് എന്നതിന് എൻഐഎയുടെ പക്കൽ തെളിവുകളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എങ്കിലും, ജാമ്യവ്യവസ്ഥകൾ പൂർണമായും പാലിക്കാൻ പ്രതികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും മറ്റ് പ്രതികളെ കണ്ടയുടൻ അത്തരം പരിപാടികളിൽ നിന്ന് പിന്മാറണമായിരുന്നുവെന്നും കോടതി ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.