"നിങ്ങൾ പ്രഭുവാണെന്നാണോ വിചാരം, എന്തും ചെയ്യാം എന്ന് കരുതുന്നുണ്ടോ?": മഹാരാഷ്ട്ര എഫ്.ഡി.എ നടപടിയെ ചോദ്യം ചെയ്ത് ബോംബെ ഹൈകോടതി

മുംബൈ: ക്രിക്കറ്റ് അസോസിയേഷൻ റസ്റ്റോറന്റുകൾക്കെതിരായ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ നടപടിയിൽ രൂക്ഷ വിമർശനവുമായി ബോംബെ ഹൈകോടതി. മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (എം.സി.എ) വളപ്പിൽ പ്രവർത്തിക്കുന്ന അഞ്ച് പ്രമുഖ റസ്റ്റോറന്റുകളുടെ ലൈസൻസ് റദ്ദാക്കിയ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്.ഡി.എ) നടപടിയെ വിമർശിച്ച കോടതി ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും ജയിലിലടക്കുമെന്നും മുന്നറിയിപ്പ് നൽകി.

റസ്റ്റോറന്റുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള എഫ്.ഡി.എയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് ക്രിക്കറ്റ് അസോസിയേഷൻ സമർപ്പിച്ച ഹരജിയിലാണ് ഹൈകോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. "നിങ്ങൾ ഒരു പ്രഭുവാണെന്നാണോ അതോ എന്തും ചെയ്യാൻ അധികാരമുള്ള ആളാണെന്നാണോ കരുതുന്നത്?" എന്ന് കോടതി എഫ്.ഡി.എ ഉദ്യോഗസ്ഥരോട് ചോദിച്ചു. ഉദ്യോഗസ്ഥർ പ്രായോഗിക സമീപനം സ്വീകരിക്കുന്നതിന് പകരം നിയമത്തെ മുൻനിർത്തി അനാവശ്യമായി പിടിവാശി കാണിക്കുകയാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് രവീന്ദ്ര ഘുഗെ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

അസോസിയേഷൻ വളപ്പിലെ ഈ റസ്റ്റോറന്റുകൾക്ക് നേരെ ശുചിത്വമില്ലായ്മയും മൂന്നാം കക്ഷി പ്രവർത്തന നിയമലംഘനങ്ങളും ആരോപിച്ചായിരുന്നു എഫ്.ഡി.എ നോട്ടീസ് അയച്ചിരുന്നത്. എന്നാൽ വ്യാഴാഴ്ച നടത്തിയ പുതിയ പരിശോധനയിൽ റസ്റ്റോറന്റുകൾ 88 ശതമാനവും ഭക്ഷ്യസുരക്ഷാ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് വ്യക്തമായി.

റസ്റ്റോറന്റുകൾ പ്രവർത്തിപ്പിക്കുന്നത് 'എം/എസ് ഷിർക്കെ ഇൻഫ്രാസ്ട്രക്ചർ' എന്ന സ്ഥാപനമാണെന്നും എന്നാൽ ലൈസൻസ് എം.സി.എയുടെ പേരിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ഉയർന്ന തലത്തിലുള്ള ശുചിത്വം ഉറപ്പാക്കിയിട്ടും എഫ്.ഡി.എ ലൈസൻസ് സസ്പെൻഷൻ പിൻവലിക്കാൻ മടിച്ചത്. എന്നാൽ നിയമത്തിൽ ഇത്തരം രീതികളെ തടയുന്ന തരത്തിൽ ഒരു വ്യവസ്ഥയുമില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം കൂടുതൽ പ്രായോഗികമായി പരിഹരിക്കാൻ മുൻപ് നിർദേശം നൽകിയിട്ടും അത് വകവെക്കാതെ പ്രവർത്തിച്ച ഡിപ്പാർട്ട്‌മെന്റിന്റെ കടുംപിടുത്തത്തിൽ ഹൈകോടതി കടുത്ത അമർഷം രേഖപ്പെടുത്തി.

നിയമം വ്യക്തമായി പഠിക്കാതെ എല്ലാ കാര്യത്തിലും എഫ്.ഡി.എ ഉദ്യോഗസ്ഥർ അനാവശ്യമായ തിടുക്കം കാണിക്കുകയാണെന്ന് കോടതി വിമർശിച്ചു. "ഒരു കൊതുകിനെ കൊല്ലാൻ വാളെടുക്കരുത് എന്ന് ഞങ്ങൾ എത്ര തവണ പറയണം? ഇത്രയും വലിയ വകുപ്പിനെയും ഉദ്യോഗസ്ഥരെയും ഞങ്ങൾ എത്രകാലമാണ് തിരുത്തേണ്ടത്?" എന്നും കോടതി ചോദിച്ചു. ഇതിന് പിന്നാലെ കോടതിയുടെ കടുത്ത നിലപാട് മനസ്സിലാക്കിയ അഡീഷണൽ ഗവൺമെന്റ് പ്ലീഡർ പി.പി. കാക്കഡെ, അഞ്ച് റസ്റ്റോറന്റുകളുടെയും ലൈസൻസ് സസ്പെൻഷൻ ഓർഡർ പൂർണമായും പിൻവലിക്കുകയാണെന്ന് അറിയിച്ചു.

ഇതോടെ ഈ ഭക്ഷണശാലകൾക്ക് പ്രവർത്തനം പുനരാരംഭിക്കാൻ കോടതി അനുമതി നൽകി. എം.സി.എയും ഷിർക്കെ ഇൻഫ്രാസ്ട്രക്ചറുമായുള്ള കരാറിന്റെ കാര്യത്തിൽ അവർക്ക് കൃത്യമായ നോട്ടീസും കേൾക്കാനുള്ള അവസരവും നൽകിയ ശേഷം മാത്രം എഫ്.ഡി.എ തുടർനടപടികളിലേക്ക് കടക്കാവൂ എന്നും കോടതി വ്യക്തമാക്കി. സിപ്ല ഫാർമക്കെതിരെയുള്ള നടപടി പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനായ തുക്കാറാം മുണ്ടെയുടെ നേതൃത്വത്തിലുള്ള എഫ്.ഡി.എക്ക് ഹൈകോടതിയിൽ നിന്ന് വീണ്ടും കടുത്ത തിരിച്ചടി നേരിടേണ്ടി വന്നിരിക്കുന്നത്. 

Tags:    
News Summary - Bombay HC rebukes Tukaram Mundhe-led FDA over crackdown on MCA eateries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.