മിഥിലേഷ് തിവാരി
പട്‌ന: പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ വിജയിക്കാത്ത വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റുകളിൽ 'തോറ്റു' എന്ന് രേഖപ്പെടുത്തുന്ന രീതി ബിഹാർ സർക്കാർ നിർത്തലാക്കുന്നു. പകരം 'നൈപുണ്യ പരിശീലനത്തിന് അർഹർ' ('കൗശൽ കേ ലിയേ പാത്ര') എന്ന് രേഖപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. പരീക്ഷകളിൽ പ്രതീക്ഷിച്ച മാർക്ക് നേടാനാവാത്ത കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സമ്മർദ്ദവും നിരാശയും ഒഴിവാക്കുന്നതിനാണ് ഈ മാറ്റം.
വിദ്യാഭ്യാസ മന്ത്രി മിഥിലേഷ് തിവാരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ഒരു പരീക്ഷയിൽ നിശ്ചിത മാർക്ക് നേടാൻ കഴിയാത്തത് ഒരു വിദ്യാർഥിയുടെ കഴിവില്ലായ്മയായി കാണാൻ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി. കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്നതിന് പകരം അവരിലെ മറ്റ് കഴിവുകൾ വികസിപ്പിക്കാൻ പ്രോത്സാഹനം നൽകുകയാണ് ലക്ഷ്യം. ഇതിനായി നിലവിലെ ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും ബിഹാർ സ്കൂൾ എക്സാമിനേഷൻ ബോർഡിന് (ബി.എസ്.ഇ.ബി) ആവശ്യമായ നിർദ്ദേശം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ബോർഡ് പരീക്ഷകളിൽ വിജയിക്കാത്ത വിദ്യാർഥികൾക്ക് ബിഹാർ ബോർഡ് ഓഫ് ഓപ്പൺ സ്കൂളിംഗ് ആൻഡ് എക്സാമിനേഷൻ വഴി വിവിധ തൊഴിലധിഷ്ഠിത നൈപുണ്യ പരിശീലനങ്ങൾ നേടാൻ സാധിക്കും. കൂടാതെ, മെട്രിക് സപ്ലിമെന്ററി പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് മെച്ചപ്പെട്ട തയ്യാറെടുപ്പിനായി ഒരു മാസത്തെ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.