‘ഐ ലവ് മുഹമ്മദ്’ ബാനർ പ്രതിഷേധം: തൗഖീർ റാസ ഖാൻ ഉൾപ്പെടെ എട്ട് പേർ റിമാൻഡിൽ

ബറേലി: നബിദിനാഘോഷങ്ങളുടെ ഭാഗമായി മുസ്‍ലിം സംഘടനകൾ ഉയർത്തിയ ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെ പിന്നാലെയുണ്ടായ സംഘർഷത്തിന്‍റെ പേരിൽ അറസ്റ്റിലായ ഇത്തിഹാദെ മില്ലത്ത് കൗൺസിൽ മേധാവിയും പുരോഹിതനുമായ തൗഖീർ റാസ ഖാൻ ഉൾപ്പെടെ എട്ട് പേരെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പ്രാദേശിക കോടതിയാണ് തൗഖീർ റാസയെ അടക്കം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഉത്തർപ്രദേശിലെ ബറേലിയിൽ വെള്ളിയാഴ്ച ജുമുഅക്ക് ശേഷം ‘ഐ ലവ് മുഹമ്മദ്’ കാമ്പയ്‌നിനെ പിന്തുണച്ച് പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തത് അക്രമാസക്തമായ ഏറ്റുമുട്ടലിലേക്ക് നയിച്ചെന്നാണ് പൊലീസ് ഭാഷ്യം.

ഇന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ ജില്ല മജിസ്ട്രേറ്റ് അവിനാശ് സിങ്ങും സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യയുമാണ് അറസ്റ്റ് വിവരം പ്രഖ്യാപിച്ചത്. ‘ബറേലി കലാപത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരനായ മൗലാന തൗഖീർ റാസയെയും ഏഴ് അക്രമികളെയും അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു’ എന്നാണ് അവിനാശ് സിങ് പറഞ്ഞത്.

സെപ്റ്റംബർ നാലിന് കാൺപൂരിലെ മൊഹല്ല സയ്യിദ് നഗർ പ്രദേശത്തെ ജാഫർ വാലി ഗലിയിൽ നബിദിനാഘോഷത്തോടനുബന്ധിച്ച് ബാനർ ഉയർത്തിയിരുന്നു. എന്നാൽ, പുതിയ ആഘോഷ രീതി​ അനുവദിക്കില്ലെന്ന് പറഞ്ഞ് രംഗത്തുവന്ന ഹിന്ദുത്വ സംഘടന പ്രവർത്തകർ ബാനറുകൾ നശിപ്പിച്ചു. പിന്നാലെ മുസ്‍ലിം യുവാക്കൾക്കെതിരെ യു.പി പൊലീസ് ഏകപക്ഷീയായി കേസെടുക്കുകയും 24 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അറസ്റ്റിനെതിരെ കടുത്ത പ്രതിഷേധമുയർന്നു. ഇതോടെ ഉത്തർ പ്രദേശിലെ വിവിധ ഭാഗങ്ങളിലും, ഉത്തരഖണ്ഡ്, ഗുജറാത്ത് ഉൾപ്പെടെ സംസ്ഥാനത്തിന് പുറത്തും ‘ഐ ലവ് മുഹമ്മദ്’ ബാനറുകൾക്കും പോസ്റ്ററുകൾക്കുമെതിരെ പൊലീസ് നടപടി ആരംഭിച്ചു.

യു.പിക്കു പിന്നാലെ ഉത്തരഖണ്ഡിലെ കാശിപൂർ, ഗുജറാത്തിലെ ഗോധ്ര, മഹാരാഷ്ട്രയിലെ ബൈകുള എന്നിവടങ്ങളിലും ‘ഐ ലവ് മുഹമ്മദ്’ ബാനറിന്റെയും കാമ്പയിനിന്റെയും പേരിൽ കേസും അറസ്റ്റും നടന്നു. സെപ്റ്റംബർ 23 വരെ മാത്രം വിവിധ ഭാഗങ്ങളിൽ 21 കേസുകളിലായി 1300 പേരെ പ്രതിചേർത്തതായാണ് റിപ്പോർട്ട്. 38 പേർ അറസ്റ്റിലായി.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, പ്രതിഷേധം അടിച്ചമർത്താൻ പൊലീസിന് പൂർണ അനുവാദം നൽകി. തുടർന്ന് വെള്ളിയാഴ്ച ജുമഅ നമസ്കാരത്തിനു പിന്നാലെ ബറേലിയിൽ നടന്ന പ്രതിഷേധം പൊലീസ് ലാത്തിച്ചാർജിലും കല്ലേറിലും കലാശിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 50ലേറെ പേരെ പൊലീസ് അറസ്റ്റു ചെയ്തു.

ഉത്തർ പ്രദേശിൽ ആയിരത്തിലേറെ മുസ്‍ലിംകളെ പ്രതിയാക്കി 16 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ​ ചെയ്തത്. ഉന്നാവോയിൽ അഞ്ചും, ബഗ്വതിൽ രണ്ടും പേരെ അറസ്റ്റു ചെയ്തു. ഇവിടങ്ങളിൽ നൂറിലേറെ പേർക്കെതിരെയാണ് കേസെടുത്തത്. കൈസർ ഗഞ്ചിൽ 355ഉം, ഷാജഹാൻപൂരിൽ 200ഉം, കൗശംബിയിൽ 24ഉം പേർക്കെതിരെ കേസെടുത്തു. ഉത്തരഖണ്ഡിലെ കാശിപൂരിൽ 401 പേർക്കെതിരെ കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും​ ചെയ്തു. ഗുജറാത്തിലെ ഗോധ്രയിൽ 88 പേർക്കെതിരെ കേസെടുത്ത് 17 പേരെ അറസ്റ്റ് ചെയ്തു.

Tags:    
News Summary - UP cleric sent to judicial remand for I Love Muhammad protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.