കർശന സുരക്ഷയിൽ യു.പിയിലെ മെയിൻപുരിയിലും ഇന്ന് വോട്ടെണ്ണൽ; എസ്.പിക്ക് നിർണായകം

ലഖ്നോ: ഹിമാചൽ പ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തോടൊപ്പം യു.പിയിലെ മൂന്ന് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം കൂടി ഇന്ന് പുറത്ത് വരും. മെയിൻപുരി ലോക്സഭ സീറ്റിലേക്കും രാംപൂർ, കട്ടൗളി തുടങ്ങിയ നിയമസഭ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പ് ഫലമാകും ഇന്ന് പുറത്ത് വരിക.

മെയിൻപുരിയിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ സെൻട്രൽ പാര മിലിറ്ററിയുടെ സുരക്ഷയുണ്ടാവും. കോൺഗ്രസും ബി.എസ്.പിയും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല. ബി.ജെ.പിയും സമാജ്‍വാദി പാർട്ടിയും രാഷ്ട്രീയ ലോക് ദള്ളും തമ്മിൽ നേരിട്ടാണ് മത്സരം. വോട്ടെണ്ണൽ കേന്ദ്രത്തിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഇവിടേക്കുള്ള ആളുകളുടെ പ്രവേശനം കർശനമായി നിയന്ത്രിക്കുമെന്നും മെയിൻപുരി എസ്.പി കമലേഷ് ദീക്ഷിത്പറഞ്ഞു. വോട്ടെണ്ണൽ പൂർണമായും കാമറയിൽ പകർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമാജ് വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിന്റെ മരണത്തെ തുടർന്നാണ് മെയിൻപുരിയിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. മുലായത്തിന്റെ മരുമകളും അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ യാദവാണ് ഇവിടെ എസ്.പി സ്ഥാനാർഥി. രഘുരാജ് സിങ് ശാക്യയാണ് ബി.ജെ.പി സ്ഥാനാർഥി. എം.എൽ.എയായ അസം ഖാൻ അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് രാംപൂരിൽ ഉപതെരഞ്ഞെടുപ്പ് വന്നത്. എം.എൽ.എയായിരുന്ന വിക്രം സൈനി അയോഗ്യനാക്കപ്പെട്ടതിനെ തുടർന്നാണ് കട്ടൗളിയിലും ഉപതെരഞ്ഞെടുപ്പ് വന്നത്. ഇരുവരും വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വന്നത്.

Tags:    
News Summary - UP bypolls: Counting of votes today, all eyes on high-stake Mainpuri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.