ബറേലി: രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ രണ്ട് മിനിറ്റ് ബസ് നിർത്തിക്കൊടുത്തതിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിടപ്പെട്ട കണ്ടക്ടർ ട്രെയിനിനുമുന്നിൽ ചാടി മരിച്ചു. യുപി സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസിലെ കണ്ടക്ടർ മോഹിത് യാദവി(32)നെയാണ് റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്. ഞായറാഴ്ച രാത്രി കാണാതായ ഇദ്ദേഹത്തെ തിങ്കളാഴ്ചയാണ് മെയിൻപുരിയിൽ വീടിന് സമീപത്തെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടത്.
യു.പി മെയിൻപുരി ഗിരോർ പൊലീസ് പരിധിയിലുള്ള നഗ്ല ഖുഷാലി സ്വദേശിയാണ് മോഹിത്. എട്ട് വർഷത്തിലേറെയായി യു.പി.എസ്.ആർ.ടി.സിയിൽ കരാർ ജീവനക്കാരനാണ്. 17,000 രൂപ മാസശമ്പളം ഉണ്ടായിരുന്ന മോഹിതിനെ ജൂൺ അഞ്ചിനാണ് സർവിസിൽനിന്ന് പിരിച്ചുവിട്ടത്. ബസിന്റെ ഡ്രൈവറെയും സസ്പെൻഡ് ചെയ്തിരുന്നു.
‘മോഹിത്തിന്റെ കൈയിൽ പണമില്ലായിരുന്നു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയായിരുന്നു’ -അടുത്ത സുഹൃത്ത് പറഞ്ഞു. ജോലി പോയതോടെ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് മരണത്തിന് തൊട്ടുമുമ്പ് മോഹിത് പറഞ്ഞിരുന്നതായി മറ്റൊരു സുഹൃത്ത് പറഞ്ഞു. ‘ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്തിരുന്നു. ഞായറാഴ്ച രാത്രി എന്നെ വിളിച്ചപ്പോൾ ഫോൺ റീചാർജ് ചെയ്യാൻ പോലും പണമില്ലെന്ന് പരിഭവം പറഞ്ഞു. അപ്പീൽ നൽകിയിട്ടും ജോലി തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് അവൻ പറഞ്ഞു. യു.പി.എസ്.ആർ.ടി.സിയുടെ ബറേലി റീജണൽ മാനേജർ ദീപക് ചൗധരിയുടെ പെരുമാറ്റം കാരണം മോഹിത് വിഷാദത്തിലായിരുന്നു’ -അദ്ദേഹം പറഞ്ഞു.
എന്നാൽ, മരണകാരണം വേറെ എന്തെങ്കിലും ആയിരിക്കുമെന്ന് യു.പി.എസ്.ആർ.ടി.സി റീജണൽ മാനേജർ ദീപക് ചൗധരി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ‘സോഷ്യൽ മീഡിയയിൽ ഒരു പരാതിയെത്തുടർന്ന് ഞങ്ങൾ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തു. പരാതിക്കാരൻ പങ്കിട്ട വീഡിയോ എല്ലാം വിശദീകരിക്കത്തക്കതാണ്. മോഹിതിന് വേണമെങ്കിൽ അപ്പീൽ നൽകാമായിരുന്നു. മരണത്തിന് പിന്നിൽ വേറെ എന്തെങ്കിലും കാരണം ആയിരിക്കും’ - ദീപക് പറഞ്ഞു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു മോഹിത്തെന്ന് ഒപ്പം സസ്പെൻഡ് ചെയ്യപ്പെട്ട ചെയ്യപ്പെട്ട ബസ് ഡ്രൈവർ കെ.പി സിങ് പറഞ്ഞു. ‘ഞാൻ അടുത്തിടെ വരെ മോഹിതുമായി സംസാരിച്ചിരുന്നു. അയാൾ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്നു. എന്നെയും സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഞാൻ എങ്ങനെയൊക്കെയോ അതിജീവിക്കുന്നു" -അദ്ദേഹം പറഞ്ഞു.
ഇവർക്കെതിരെ സ്വീകരിച്ച നടപടി അന്യായമാണെന്നും ശരിയായ അന്വേഷണം നടത്താതെയാണ് പിരിച്ചുവിട്ടതെന്നും യു.പി.എസ്.ആർ.ടി.സി എംപ്ലോയീസ് യൂനിയൻ റീജണൽ സെക്രട്ടറി രവീന്ദ്ര പാണ്ഡെ പറഞ്ഞു. കുടുംബം പരാതി നൽകിയാൽ തങ്ങൾ എല്ലാവരും കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.