ന്യൂഡൽഹി: ഉന്നാവ് ബലാത്സംഗ കേസിലെ ഇരയുടെ അപകടത്തിന് വഴിവെച്ച ട്രക്കിന്‍റെ ഉടമയെ തിരിച്ചറഞ്ഞു. ഉത്തർപ്രദേശ് കൃഷി സഹമന്ത്രി രൺവേന്ദ്ര പ്രതാപ് സിങ്ങിന്‍റെ മരുമകനാണ് ട്രക്ക് ഉടമയായ അരുൺ സിങ്. സി.ബി.ഐ രജിസ്റ്റർ ചെയ്ത കേസിലെ ഏഴാം പ്രതിസ്ഥാനത്തുള്ള അരുൺ സിങ് ബി.ജെ.പി നേതാവും ഉന്നാവ് േബ്ലാക്ക് പ്രസിഡൻറുമാണ്. ഇയാൾക്ക് ലോക് സമാജ് പാർട്ടിയുമായി ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാറിനെതിരായ പരാതി പിൻവലിക്കാൻ അരുൺ സിങ് ഇരയുടെ രക്ഷിതാക്കളെ സമ്മർദം ചെലുത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അരുൺ സിങ്ങിനെതിരെ പെൺകുട്ടിയുടെ അമ്മാവൻ പരാതി നൽകിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിൽ അരുൺ സിങ് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ, ഉന്നാവ് ബി.ജെ.പി എം.പി സാക്ഷി മഹാരാജ് തുടങ്ങിയവർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും വിഡിയോയും പുറത്തുവന്നിരുന്നു.
അതിനിടെ, ഉന്നാവ് പെൺകുട്ടിയുടെ കാറിലിടിച്ച ട്രക്ക് റോഡിന്‍റെ വലതുഭാഗത്ത് കൂടിയാണ് സഞ്ചരിച്ചതെന്ന് ദൃക്സാക്ഷി അർജുൻ വെളിപ്പെടുത്തി. കാറും ട്രക്കും അമിത വേഗതയിലായിരുന്നു. അപകടത്തിന് ശേഷം ട്രക്കിന്‍റെ ഡ്രൈവറും ക്ലീനറും ഒാടി രക്ഷപ്പെട്ടെന്നും അർജുൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.