അവിവാഹിതരായ പെൺകുട്ടികൾക്ക് മാതാപിതാക്കളിൽനിന്ന് ജീവനാംശത്തിന് അവകാശമുണ്ട് -അലഹബാദ് ഹൈകോടതി

പ്രയാഗ്‌രാജ്: അവിവാഹിതയായ മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്ന് അലഹബാദ് ഹൈകോടതി. അവിവാഹിതയായ മകൾക്ക് അവരുടെ മതമോ പ്രായമോ പരിഗണിക്കാതെ ഗാർഹിക പീഡന നിരോധന നിയമപ്രകാരം ജീവനാംശം ലഭിക്കാൻ അവകാശമുണ്ട്. മൂന്ന് പെൺകുട്ടികൾക്ക് ജീവനാംശം നൽകാനുള്ള കീഴ്‌ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് രക്ഷിതാക്കൾ നൽകിയ ഹരജി തള്ളിക്കൊണ്ടാണ് വിധി.

"അവിവാഹിതയായ മകൾക്ക് ഹിന്ദുവോ മുസ്ലിമോ ആകട്ടെ, പ്രായം പരിഗണിക്കാതെ ജീവനാംശം ലഭിക്കാൻ അവകാശമുണ്ടെന്നതിൽ സംശയമില്ല. അവകാശവുമായി ബന്ധപ്പെട്ട ചോദ്യം വരുമ്പോൾ ബാധകമായ മറ്റ് നിയമങ്ങൾ കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് ഇത് വീണ്ടും വ്യക്തമാക്കുന്നു. ഗാർഹിക പീഡന നിയമത്തിലെ സെക്ഷൻ 20 പ്രകാരം തന്നെ പീഡിതർക്ക് സ്വതന്ത്രമായ അവകാശങ്ങൾ ലഭ്യമാണ്" -ജസ്റ്റിസ് ജ്യോത്സ്ന ശർമ നിരീക്ഷിച്ചു.

പിതാവും രണ്ടാനമ്മയും മോശമായി പെരുമാറിയെന്നാരോപിച്ച് മൂന്ന് പെൺകുട്ടികൾ ജീവനാംശം ആവശ്യപ്പെട്ട് കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പെൺകുട്ടികൾ പ്രായപൂർത്തിയായവരും സാമ്പത്തികമായി സ്വതന്ത്രരുമാണെന്നായിരുന്നു രക്ഷിതാക്കളുടെ വാദം. ഇതിനെ ചോദ്യം ചെയ്ത വിചാരണ കോടതി ഇടക്കാല ജീവനാംശത്തിന് ഉത്തരവിട്ടിരുന്നു.

ഗാർഹിക പീഡന നിയമം സ്ത്രീകൾക്ക് കൂടുതൽ ഫലപ്രദമായ സംരക്ഷണം നൽകലാണ് ലക്ഷ്യമിടുന്നതെന്ന് കോടതി പറഞ്ഞു. ജീവനാംശം സ്വീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ അവകാശം മറ്റ് നിയമങ്ങളിൽ ഉണ്ടാകാമെന്നും എന്നാൽ 2005ലെ നിയമത്തിൽ അത് നേടുന്നതിനുള്ള വേഗത്തിലും ഹ്രസ്വമായതുമായ നടപടിക്രമം നൽകിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

Tags:    
News Summary - Unmarried daughters have right to obtain maintenance from parents: Allahabad HC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.