രാഷ്ട്രീയ വിവാദമായി ഏക സിവില്‍കോഡ്

ന്യൂഡല്‍ഹി: നിയമ കമീഷന്‍ നടപടിക്കെതിരെ ബഹിഷ്കരണാഹ്വാനം നടത്തിയ മുസ്ലിം സംഘടനകള്‍ മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചതോടെ ഏക സിവില്‍കോഡ് ദേശീയതലത്തില്‍ വന്‍ രാഷ്ട്രീയ വിവാദമാവുകയാണ്. മുസ്ലിം സംഘടനകള്‍ക്കു പിറകെ പ്രതിപക്ഷ കക്ഷികള്‍ ഏക സിവില്‍കോഡിനെതിരെ രംഗത്തിറങ്ങിയപ്പോള്‍ പുരോഗമന സമൂഹത്തിലേക്കുള്ള ചുവടുവെപ്പായി ബി.ജെ.പി കമീഷന്‍ നടപടിയെ വിശേഷിപ്പിച്ചു.

ഭരണഘടന എന്ന ഉടമ്പടിക്ക് വിധേയമായിട്ടാണ് ഓരോ പൗരനും രാജ്യത്ത് ജീവിക്കുന്നതെന്ന് ഓര്‍മിപ്പിച്ച മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ജനറല്‍ സെക്രട്ടറി വലി റഹ്മാനി ഈ ഉടമ്പടി തകര്‍ക്കാനാണ് മോദി സര്‍ക്കാര്‍ നിയമ കമീഷന്‍ വഴി ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. വൈവിധ്യങ്ങള്‍ നിറത്തിലാക്കാനുള്ള സര്‍ക്കാറിന്‍െറ ഏജന്‍റായി പ്രവര്‍ത്തിക്കുകയാണ് നിയമ കമീഷനെന്നും വലി റഹ്മാനി കുറ്റപ്പെടുത്തി.

എല്ലാറ്റിനും അമേരിക്കയിലേക്ക് നോക്കുന്ന മോദി സര്‍ക്കാര്‍ വ്യക്തിനിയമ സ്വാതന്ത്ര്യം അനുവദിക്കുന്ന കാര്യത്തില്‍ അമേരിക്കയെ കണ്ടുപഠിക്കാത്തതെന്താണെന്ന് വലി റഹ്മാനി ചോദിച്ചു.  ഏക സിവില്‍കോഡ് ഒരിക്കലും നടപ്പാക്കാന്‍ കഴിയില്ളെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ നിയമമന്ത്രിയുമായ വീരപ്പ മൊയ്ലി അഭിപ്രായപ്പെട്ടു. മോദി സര്‍ക്കാര്‍ ഇതിലൂടെ വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്ന് ജനതാദള്‍-യു നേതാവ് അലി അന്‍വര്‍ പ്രതികരിച്ചു. എല്ലാവര്‍ക്കും ഒരു നിയമം അടിച്ചേല്‍പിച്ച് സാംസ്കാരിക വൈവിധ്യം ഇല്ലാതാക്കാനുള്ള നീക്കം ഇന്ത്യയില്‍ നടക്കില്ളെന്ന് മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ നേതാവ് മൗലാന അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.

അതേസമയം, ദേശീയ നിയമ കമീഷന്‍ പുറത്തിറക്കിയ ചോദ്യാവലി രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ആദ്യ നടപടിയാണെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ അറിയിച്ചു. നിയമ കമീഷന്‍ ഇപ്പോള്‍ തുടങ്ങിയ നടപടി ഏക സിവില്‍കോഡ് നടപ്പാക്കുകയെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ നയത്തിന്‍െറ ഭാഗമാണെന്നും എന്നാല്‍ വിഷയത്തില്‍ പാര്‍ട്ടി ഇപ്പോള്‍ നിലപാട് പരസ്യമാക്കിയിട്ടില്ളെന്നും പ്രമുഖ ബി.ജെ.പി നേതാവ് പറഞ്ഞു. അതേസമയം, മുത്തലാഖ് കേസില്‍ പാര്‍ട്ടി നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചതെന്ന് ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കി.

ഏക സിവില്‍കോഡിനെയും മുത്തലാഖിനെയും ഒന്നായി കാണരുതെന്നും അമിത് ഷാ പറഞ്ഞു. മുത്തലാഖ് വിഷയം സുപ്രീംകോടതിയിലാണ്. കീഴ്കോടതികളില്‍നിന്ന് കേസ് ജയിച്ചും തോറ്റും അത് സുപ്രീംകോടതിയിലത്തെിയതാണ്. അല്ലാതെ പാര്‍ട്ടി അജണ്ട നടപ്പാക്കിയതല്ല. മുത്തലാഖ് കേസില്‍ സുപ്രീംകോടതി അഭിപ്രായം തേടിയപ്പോള്‍ പാര്‍ട്ടിയുടെ നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലമായി സമര്‍പ്പിച്ചത്. മൂന്നുനാല് മന്ത്രാലയങ്ങള്‍ കൂടിയാലോചിച്ച് എടുത്ത തീരുമാനമാണിതെന്നും അമിത് ഷാ പറഞ്ഞു. മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് എത്ര കാലം മുഖ്യധാരയില്‍നിന്ന് മാറിനില്‍ക്കാന്‍ കഴിയുമെന്ന് ചോദിച്ച ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് അവര്‍ ഏക സിവില്‍കോഡിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടു.

 

Tags:    
News Summary - uniform civil code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.