‘ഭരണഘടനാ വിരുദ്ധം’: ബിഹാറിലെ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയിൽ

ഭുവനേശ്വർ: ബിഹാറിലെ ഇലക്ടറൽ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്‍കരണം സംബന്ധിച്ച ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവിനെതിരെ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര സുപ്രീംകോടതിയെ സമീപിച്ചു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും വോട്ടവകാശം കൂട്ടമായി നിഷേധിക്കപ്പെടുമെന്ന് മുന്നറിയിപ്പ് നൽകുന്നുവെന്നും അവർ പറഞ്ഞു.

പശ്ചിമ ബംഗാൾ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലും സമാനമായ പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നത് നിർത്തണമെന്ന് ഹരജിയിൽ ആവശ്യപ്പെട്ടു. ബിഹാറിലെ അവസാന പ്രത്യേക തീവ്ര പരിഷ്കരണം 2003ലാണ് നടപ്പിലാക്കിയത്. അവസാനത്തെ പരിഷ്കരണത്തിനുശേഷം വോട്ടർ പട്ടികയിൽ പേരില്ലാത്ത  സംസ്ഥാനത്തെ 37 ശതമാന​േത്തോളം വോട്ടർമാർ യോഗ്യതക്കായുള്ള തെളിവ് സമർപ്പിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

തുല്യ അവകാശങ്ങൾ പറയുന്ന ആർട്ടിക്കിൾ 14, 19(1)(എ) (സംസാര സ്വാതന്ത്ര്യം), ആർട്ടിക്കിൾ 21 (ജീവിതാവകാശം), ആർട്ടിക്കിൾ 325, ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ മറ്റ് പ്രധാന വ്യവസ്ഥകൾ, 1960ലെ വോട്ടർമാരുടെ രജിസ്ട്രേഷൻ നിയമങ്ങൾ എന്നിവ പോലുള്ള നിരവധി ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമീഷന്റെ നടപടിയെന്ന് മൊയ്ത്രയുടെ ഹരജിയിൽ വാദിക്കുന്നു.

ഇതിനുപുറമെ ഈ പരിഷ്കരണം ഇതിനകം രജിസ്റ്റർ ചെയ്തിട്ടുള്ളതും മുമ്പ് നിരവധി തവണ തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്തതുമായ വോട്ടർമാരുടെ കൂട്ട വോട്ടവകാശം നിഷേധിക്കപ്പെടാൻ ഇടയാക്കുമെന്ന് തൃണമൂൽ നേതാവ് മുന്നറിയിപ്പ് നൽകി. വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതിനോ നിലനിർത്തുന്നതിനോ പൗരത്വ രേഖകൾ നൽകണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ആവശ്യ​വും മൊയ്ത്ര എതിർത്തു. അവർ ഇതിനെ ഭരണഘടനാ വിരുദ്ധമെന്നും നിലവിലുള്ള ഒരു നിയമ ചട്ടക്കൂടിന്റെയും പിന്തുണയില്ല എന്നും പറഞ്ഞു.

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ നടക്കാനിരിക്കുന്ന വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിൽ (എസ്.ഐ.ആർ) അടിസ്ഥാന വർഷമായി 2024 ഉപയോഗിക്കണമെന്ന് ജൂൺ 2ന് തൃണമൂൽ ഇ.സിയോട് ആവശ്യപ്പെട്ടിരുന്നു. അടുത്ത തവണ ബംഗാളിൽ തന്റെ സർക്കാർ അധികാരത്തിൽ വരാതിരിക്കാനുള്ള ഒഴിവുകഴിവാണ് പരിഷ്കരണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു.

ബിഹാറിലും ബംഗാളിലും വലിയൊരു കുടിയേറ്റ തൊഴിലാളി സമൂഹമുണ്ട്. അവരിൽ ഒരു വിഭാഗം ഒന്നിലധികം സ്ഥലങ്ങളിൽ വോട്ട് ചെയ്യുന്നുണ്ടെന്നാണ് പോളിങ് ഉദ്യോഗരുടെ വാദം. ഇതിനെ മറികടക്കാനാണ് വോട്ടർ പട്ടിക പരിഷ്കരണമെന്നും അവർ പറയുന്നു. ബിഹാർ അനുഭവത്തിന്റെ അടിസ്ഥാനത്തിൽമറ്റ് സംസ്ഥാനങ്ങളിലും ഇ.സി എസ്‌.ഐ.ആർ നടപ്പിലാക്കിയേക്കും.

ജൂൺ 4ന് ബിഹാറിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ ആർ.‌ജെ‌.ഡിയും കോൺഗ്രസും സംസ്ഥാനത്തെ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്രമായ പരിഷ്കരണത്തിന്റെ മറവിൽ മോദി സർക്കാർ സ്വേച്ഛാധിപത്യം നടത്തുകയാണെന്ന് ആരോപിച്ച് രംഗത്തുവരികയുണ്ടായി.

ജനസംഖ്യയുടെ 2.5 ശതമാനം പേർക്ക് മാത്രമേ ജനന സർട്ടിഫിക്കറ്റുകൾ ഉള്ളൂവെന്നും 20 ശതമാനം പേർക്ക് മാത്രമേ ജാതി സർട്ടിഫിക്കറ്റുകൾ ഉള്ളൂവെന്നും പ്രതിപക്ഷം അവകാശപ്പെടുന്നു. ബീഹാറിലെ ഏകദേശം 73 ശതമാനം പേരും വെള്ളപ്പൊക്കം നേരിടുകയോ അപകടസാധ്യത നേരിടുകയോ ചെയ്യുന്നതിനാൽ ഇതിനായി  തെര​​​ഞ്ഞെടുത്ത സമയക്രമത്തെയും അവർ ചോദ്യം ചെയ്തിട്ടുണ്ട്.

യോഗ്യതാ തെളിവായി തെരഞ്ഞെടുപ്പ് കമീഷൻ നിർബന്ധമാക്കിയ രേഖകൾ ഇല്ലാത്തതിനാൽ ഗ്രാമീണർ ഏറെ അസ്വസ്ഥരാണെന്ന് ‘ദി ഇന്ത്യൻ എക്സ്പ്ര്’ റിപ്പോർട്ട് ചെയ്യുന്നു.

Tags:    
News Summary - 'Unconstitutional': Mahua Moitra moves SC against EC's revision of electoral rolls in Bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.