മണിപ്പൂരിൽ സി.ആർ.പി.എഫിന് നേരെ ആക്രമണം; രണ്ട് സൈനികർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിലെ ബിഷ്ണുപുരിൽ ഒരിടവേളക്കുശേഷം വീണ്ടും സുരക്ഷ സേനക്ക് നേരെ തീവ്രവാദി ആക്രമണം. ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ആർ.ബി) ക്യാമ്പിനുനേരെ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ രണ്ട് സി.ആർ.പി.എഫുകാർ കൊല്ലപ്പെട്ടു.

മൊയ് രാങ് പൊലീസ് സ്റ്റേഷൻ പരിധിയിലെ നരൻസെയ്ന ക്യാമ്പിനുനേരെ ശനിയാഴ്ച പുലർച്ച നടന്ന വെടിവെപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. മലമുകളിൽനിന്ന് തലങ്ങും വിലങ്ങും വെടിവെക്കുകയായിരുന്നു. ബോംബേറുമുണ്ടായി. ഒരു ബോംബ് സി.ആർ.പി.എഫിന്റെ ഔട്ട്പോസ്റ്റിലാണ് പതിച്ചതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

സബ് ഇൻസ്പെക്ടർ അസം സ്വദേശി എൻ. സർക്കാർ, പശ്ചിമ ബംഗാൾ സ്വദേശിയായ ഹെഡ് കോൺസ്റ്റബിൾ അരൂപ് സെയ്നി എന്നിവരാണ് മരിച്ചത്. ഇൻസ്പെക്ടർ ജാദവ് ദാസ്, കോൺസ്റ്റബിൾ അഫ്താബ് ദാസ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരുടെ നില ഗുരുതരമല്ല. അക്രമികളെ പിടികൂടാൻ തിരച്ചിൽ ഊർജിതമാണ്. ഇത്തരം ആക്രമണങ്ങൾ ഭീരുത്വത്തിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് അഭിപ്രായപ്പെട്ടു. കൊല്ലപ്പെട്ടവരുടെ ത്യാഗം വെറുതെയാകില്ലെന്നും അദ്ദേഹം തുടർന്നു.

അതിനിടെ, മണിപ്പൂരിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ വെടിവെപ്പിൽ ഒരാൾ മരിച്ചു. ഇംഫാൽ ഈസ്റ്റ്, കാങ്പ്കോപി ജില്ലകളുടെ അതിർത്തി പ്രദേശമായ സിനം കോമിലാണ് ഏറ്റുമുട്ടലുണ്ടായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മരിച്ചയാൾ ലെയ്ശ്രാം പ്രേം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ കൂടുതൽ സുരക്ഷസേനയെ വിന്യസിച്ചു.

Tags:    
News Summary - Two paramilitary personnel killed in an attack in Manipur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.