ബംഗളൂരു: ദക്ഷിണകന്നട ജില്ലയിലെ ബെല്ലാരിയിൽ ബി.ജെ.പി യുവനേതാവ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബെല്ലാരെ സ്വദേശി ഷഫീക്ക്, സക്കീർ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്ക് പോപുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്നും എന്നാൽ കൊലപാതകത്തിന്റെ കാരണങ്ങൾ തങ്ങൾ അന്വേഷിക്കുകയാണെന്നും എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. ഇവരെ ബുധനാഴ്ച ചോദ്യംചെയ്യാൻ കസ്റ്റഡിയിലെടുത്തിരുന്നെന്നും തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉടനുണ്ടാകും.
യുവമോർച്ച ജില്ല എക്സിക്യൂട്ടിവ് അംഗം പ്രവീൺ നെട്ടാരുവിനെ ചൊവ്വാഴ്ച രാത്രിയാണ് സുള്ള്യക്കടുത്ത ബെല്ലാരിയിൽ ബൈക്കിൽ വന്ന മൂന്നുപേർ ആക്രമിച്ച് കൊലപ്പെടുത്തിയത്. കൊലയാളികൾ എത്തിയ ബൈക്ക് കേരള രജിസ്ട്രേഷനിലുള്ളതാണ്. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലും അന്വേഷണം നടക്കുന്നുണ്ട്. 16 പേരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അന്വേഷണത്തിനായി ആറു സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഇതിൽ മൂന്നു സംഘം കർണാടകയിലെ വിവിധ പ്രദേശങ്ങളിലും മൂന്നു സംഘം കേരളത്തിലുമാണ് അന്വേഷണം നടത്തുന്നത്. കാസർകോട്, കണ്ണൂർ ജില്ലകളിലാണ് അന്വേഷണം കേന്ദ്രീകരിച്ചിരിക്കുന്നത്.
കൊലപാതകത്തിൽ ബി.ജെ.പി യുവമോർച്ച പ്രവർത്തകർ വ്യാപക പ്രതിഷേധത്തിലാണ്. ബി.ജെ.പി സർക്കാറിന് സ്വന്തം അണികളെപ്പോലും സംരക്ഷിക്കാൻ കഴിയുന്നില്ലെന് അവർ ആരോപിച്ചു. പ്രതിഷേധക്കാർ പാർട്ടി സംസ്ഥാന പ്രസിഡന്റ് നളിൻകുമാർ കാട്ടീലിന്റെ കാർ തടഞ്ഞ് അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
കാസർകോട് സ്വദേശിയായ മസൂദ് എന്നയാൾ ജൂലൈ 19ന് മംഗളൂരുവിലെ കലഞ്ച എന്ന ഗ്രാമത്തിൽ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകത്തിൽ ബജ്റങ്ദൾ, വിശ്വഹിന്ദുപരിഷത്ത് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.