ഇംഫാൽ: മണിപ്പൂരിലെ ഉഖ്രുൽ ജില്ലയിൽ സായുധ സംഘം നടത്തിയ വെടിവെപ്പിൽ വിരമിച്ച സൈനികൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചക്കഴിഞ്ഞ് ലിറ്റാൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ ടി എം കാസോം ഗ്രാമത്തിലാണ് സംഭവം. ഇംഫാലിൽ നിന്ന് ഉഖ്രുലിലേക്ക് വരികയായിരുന്ന സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ സായുധ സംഘം വെടിയുതിർക്കുകയായിരുന്നു.
തഷാൻ ഗ്രാമത്തിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ചൈനോഷാങ് ഷോക്വങ്‌നാവോ, ഖരസോം ഗ്രാമത്തിൽ നിന്നുള്ള യരുയിംഗം വാഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. കാറിന്റെ മുൻസീറ്റിലിരുന്ന ചൈനോഷാങ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ വാഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ മൂന്ന് കാറുകളുടെ വിൻഡ്ഷീൽഡുകളും പിൻവശത്തെ ചില്ലുകളും തകർന്നു.
അക്രമത്തിന്റെ അന്വേഷണം എൻ.ഐ.എക്ക് കൈമാറുമെന്ന് മുഖ്യമന്ത്രി വൈ. ഖേംചന്ദ് സിങ് പറഞ്ഞു. സമാധാന ചർച്ചകൾക്കായി മുഖ്യമന്ത്രി ഉഖ്രുൽ സന്ദർശിച്ച് കുക്കി, നാഗ വിഭാഗങ്ങളുമായി സമാധാനത്തിന് അഭ്യർഥിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ആക്രമണം. ആക്രമണത്തിന് പിന്നിലുള്ളവരെ പിടികൂടാൻ സുരക്ഷാസേന ഓപ്പറേഷൻ ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ആക്രമണത്തിൽ കുക്കി വിഭാഗത്തിന് പങ്കില്ലെന്ന് കുക്കി സോ കൗൺസിൽ പറഞ്ഞു. ആക്രണത്തിന് പിന്നിൽ കുക്കി സായുധ ഗ്രൂപ്പുകളാണെന്ന് തങ്ഖുൽ നാഗാ ലോങ് സംഘടന ആരോപിച്ചിരുന്നു. തങ്ഖുൽ നാഗ ലോങ് പ്രസ്താവനയിൽ സംഭവത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.
2023 മേയ് മാസത്തിലാണ് മണിപ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 250ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 2025 ഫെബ്രുവരി 13ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. തുടർന്ന് 2026 ഫെബ്രുവരി 4ന് രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഇതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സര്‍ക്കാർ അധികാരത്തിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.