മംഗളൂരു: കലബുറുഗി നഗരത്തിലെ പ്രധാന റോഡിൽ രാത്രി വൈകി ഷോർട്ട് ഫിലിമിനായി 'ദാരുണമായ കൊലപാതക' രംഗം ചിത്രീകരിച്ച രണ്ടു പേരെ പൊലീസ് സ്വമേധയാ കേസെടുത്തത് അറസ്റ്റ് ചെയ്തു.
സിദ്ധേശ്വര കോളനിയിലെ ഓട്ടോ ഡ്രൈവർ സായിബന്ന ബെലഗുമ്പി (27), കെ.കെ. നഗറിലെ സച്ചിൻ സിന്ധെ (26) എന്നിവരാണ് അറസ്റ്റിലായത്.
കലബുറുഗി സബ്-അർബൻ പൊലീസ് പറയുന്നത് ഇങ്ങനെ:- സച്ചിനും സൈബന്നയും മെന്റൽ മജ്നു എന്ന ഹ്രസ്വചിത്രം പ്രവർത്തകരാണ്. ബന്ധപ്പെട്ട അധികാരികളെയോ നാട്ടുകാരെയോ അറിയിക്കാതെ തിങ്കളാഴ്ച അർധരാത്രി കലബുറുഗിയിലെ ഹംനാബാദ് റിംഗ് റോഡിന്റെ മധ്യത്തിൽ ഒരു രംഗം അവർ ചിത്രീകരിച്ചു. രക്തം പോലെ ചുവന്ന പെയിന്റ് പുരണ്ട രണ്ട് അഭിനേതാക്കൾ അർധനഗ്നരായി പ്രത്യക്ഷപ്പെട്ടു. അവരിൽ ഒരാൾ രക്തം പുരണ്ട ശരീരവുമായി കിടക്കുമ്പോൾ മറ്റൊരാൾ ഇരുമ്പ് ചുറ്റിക പിടിച്ച് അക്രമാസക്തമായി അലറി വിളിച്ച് ക്രൂരമായ കൊലപാതക രംഗം ചിത്രീകരിച്ചു. അതിന്റെ ഒരു ഭാഗം ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചു.
അസ്വസ്ഥത ഉളവാക്കുന്ന വീഡിയോ ഒറ്റരാത്രികൊണ്ട് സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു. ഇത് വൈറലായതോടെ സബ്-അർബൻ പൊലീസ് ഇരുവരെയും കണ്ടെത്തി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തു. പ്രതികളെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.