ചെന്നൈ: തമിഴ്നാട് ബി.ജെ.പി സെക്രട്ടറി എസ്.ജി സൂര്യയെ മധുര ജില്ലാ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മധുര എം.പിക്കെതിരായ ട്വീറ്റിനെ ചൊല്ലി വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് സൂര്യയെ ചെന്നൈയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുമ്പാണ് സൂര്യ സി.പി.എം എം.പിയായ വെങ്കിടേശനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്.
മനുഷ്യ വിസര്‍ജ്യം നിറഞ്ഞ അഴുക്കുചാല്‍ വൃത്തിയാക്കാന്‍ സി.പി.എം കൗണ്‍സിലറായ വിശ്വനാഥന്‍ ശുചീകരണ തൊഴിലാളിയെ നിര്‍ബന്ധിച്ചതായും അലര്‍ജി മൂലം തൊഴിലാളി മരിച്ചതായും എസ്.ജി സൂര്യ ആരോപിച്ചിരുന്നു. തുടർന്ന് എം.പി വെങ്കിടേശ്വരനെതിരെ ട്വിറ്ററിൽ രൂക്ഷ വിമർശനവുമുയർത്തി. ‘കമ്യൂണിസ്റ്റ് കൗൺസിലർ കാരണം ശുചീകരണ തൊഴിലാളിയുടെ ജീവൻ പൊലിഞ്ഞപ്പോഴും മൗനം പാലിക്കുന്ന മധുര എം.പി എസ്.വെങ്കടേശൻ! നിങ്ങളുടെ വിഘടനവാദ കപട രാഷ്ട്രീയം ആ ചെളിക്കുളത്തേക്കാൾ നാറുകയാണ്. ഒരു മനുഷ്യനായി ജീവിക്കാൻ വഴി കണ്ടെത്തൂ സുഹൃത്തേ’ എന്നായിരുന്നു ട്വീറ്റ്.
മധുര എം.പിയെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം സൂര്യ നടത്തിയെന്ന് കാണിച്ച് ജൂൺ 12ന് സി.പി.എം അർബൻ ജില്ലാ സെക്രട്ടറി എം. ഗണേശന്റെ നേതൃത്വത്തിൽ പൊലീസ് കമീഷണർക്ക് പരാതി നല്‍കിയിരുന്നു. മധുര കോർപറേഷനിൽ പെണ്ണാടം ടൗൺ പഞ്ചായത്തും ഇടതു പാർട്ടിയിൽനിന്ന് വിശ്വനാഥൻ എന്ന കൗൺസിലറും ഇല്ലെന്നും ഇതിൽ ചൂണ്ടിക്കാട്ടി. നടക്കാത്ത ഒരു സംഭവത്തിന്‍റെ പേരില്‍ കൗണ്‍സിലര്‍മാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ സൂര്യ മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ഗണേശന്‍ ആരോപിച്ചു.
അർധരാത്രിയുണ്ടായ അറസ്റ്റ് അപലപനീയമാണെന്നും ഡി.എം.കെ സഖ്യകക്ഷിയായ കമ്യൂണിസ്റ്റുകാരുടെ ഇരട്ടത്താപ്പ് തുറന്ന് കാട്ടുക മാത്രമാണ് എസ്.ജി സൂര്യ ചെയ്തതെന്നും തമിഴ്നാട് ബി.ജെ.പി പ്രസിഡന്‍റ് കെ. അണ്ണാമലൈ ആരോപിച്ചു.
‘അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാൻ ഭരണകൂട സംവിധാനത്തെ ഉപയോഗിക്കുന്നതും ചെറിയ വിമർശനങ്ങളിൽ പരിഭ്രാന്തരാകുന്നതും ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു നേതാവിന് ചേർന്നതല്ല. ഇതൊരു സ്വേച്ഛാധിപത്യ നേതാവിന്റെ അടയാളങ്ങളാണ്. സ്വേച്ഛാധിപതികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സംസ്ഥാനത്തെ നിയമമില്ലാത്ത ഇടമാക്കി മാറ്റുകയാണ്’, അണ്ണാമലൈ ട്വിറ്ററിൽ കുറിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഡി.എം.കെ മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്.ജി സൂര്യയുടെ അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.