ചെന്നൈ: വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള അതീവ സുരക്ഷാ മേഖലയിലിരുന്ന് നടൻ വിജയ്‍യുടെ പുതിയ ചിത്രം 'ജനനായകൻ' കണ്ട ടെക്നിക്കൽ ഹെഡ് പിടിയിലായി. തെരഞ്ഞെടുപ്പ് കമ്മീഷൻ കരാർ അടിസ്ഥാനത്തിൽ നിയമിച്ച സിസിടിവി ടെക്നിക്കൽ ഹെഡ് യുവരാജ് (36) ആണ് അറസ്റ്റിലായത്. ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റിയിലെ കൗണ്ടിങ് സെന്ററിലായിരുന്നു സംഭവം.
വോട്ടിങ് യന്ത്രങ്ങൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റുന്നതിന് തൊട്ടുമുമ്പ് കൺട്രോൾ റൂമിലെ സിസിടിവി സ്ക്രീനുകൾക്ക് മുന്നിലിരുന്ന് ലാപ്ടോപ്പിൽ സിനിമ കാണുകയായിരുന്നു ഇയാൾ. സിനിമ കാണുന്ന ചിത്രം പശ്ചാത്തലത്തിലെ സിസിടിവി ദൃശ്യങ്ങൾ സഹിതം യുവരാജ് ഫേസ്ബുക്കിൽ പങ്കുവെച്ചതോടെയാണ് വിവരം പുറത്തായത്. ചിത്രം വൈറലായതോടെ വലിയ സുരക്ഷാ വിവാദമായി മാറി. ചെന്നൈ കോർപ്പറേഷൻ അധികൃതരുടെ പരാതിയിൽ കൊട്ടുർപുരം പൊലീസാണ് കേസ് എടുത്തത്.
സെൻസർ ബോർഡുമായുള്ള തർക്കം മൂലം റിലീസ് ചെയ്യാത്ത 'ജനനായകന്റെ' വ്യാജപതിപ്പ് ഇയാൾക്ക് എവിടെ നിന്ന് ലഭിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ഊർജിതമാക്കി. സിനിമ നേരത്തെ ചോർന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതീവ സുരക്ഷാ മേഖലയിലെ വീഴ്ചയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.