ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് 9,400 അക്കൗണ്ടുകൾ കണ്ടെത്തി നിരോധിച്ചെന്ന് വാട്സ്ആപ് സുപ്രീംകോടതിയിൽ. 2026 ജനുവരിമുതൽ 12 ആഴ്ചക്കുള്ളിലാണ് ഇത്രയും അക്കൗണ്ടുകൾ നിരോധിച്ചത്. കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ, ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള ഭൂരിഭാഗം തട്ടിപ്പ് അക്കൗണ്ടുകളും കംബോഡിയ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയെന്നും വാട്സ്ആപ് സുപ്രീംകോടതിയെ അറിയിച്ചു. ഡൽഹി പൊലീസ്, സി.ബി.ഐ, എ.ടി.എസ് തുടങ്ങിയ പേരുകളും ഔദ്യോഗിക ലോഗോകളും ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഇരകളെ സമീപിക്കുന്നത്.
തട്ടിപ്പ് തിരിച്ചറിയാൻ നിർമിത ബുദ്ധി (എ.ഐ) അധിഷ്ഠിത സംവിധാനങ്ങളും ലോഗോ മാച്ചിങ് ടൂളുകളും വാട്സ്ആപ് ഏർപ്പെടുത്തിയിട്ടുണ്ട്. സംശയാസ്പദമായ സന്ദേശങ്ങൾ വരുമ്പോൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാനും അജ്ഞാത നമ്പറുകളിൽനിന്നുള്ള കോളുകളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനും പുതിയ മാറ്റങ്ങൾ കൊണ്ടുവരും.സിം കാർഡും അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കുന്ന സിം ബൈൻഡിങ് പ്രക്രിയ പുരോഗമിക്കുകയാണെന്നും ഐ.ടി നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകുമെന്നും അന്വേഷണ ഏജൻസികളെ സഹായിക്കുന്നതിനായി നീക്കം ചെയ്ത അക്കൗണ്ടുകളുടെ വിവരങ്ങൾ 180 ദിവസംവരെ സൂക്ഷിക്കാമെന്നും വാട്സ്ആപ് വ്യക്തമാക്കി.
കംബോഡിയ കേന്ദ്രീകരിച്ചുള്ള അന്താരാഷ്ട്ര കുറ്റവാളി ശൃംഖലകളെ തകർക്കാൻ വിവിധ രാജ്യങ്ങളിലെ അന്വേഷണ ഏജൻസികളുടെ ഏകോപിത നീക്കം ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഡിജിറ്റൽ അറസ്റ്റിനെതിരെ ജനുവരിയിൽ സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിന് പിന്നാലെ ആഭ്യന്തര മന്ത്രാലയം വാട്സ്ആപ്, എയർടെൽ, ജിയോ, ബി.എസ്.എൻ.എൽ തുടങ്ങിയ കമ്പനികളുടെ യോഗം വിളിച്ചുചേർത്തിരുന്നു. രാജ്യത്ത് ഇതുവരെ ഡിജിറ്റൽ അറസ്റ്റുമായി ബന്ധപ്പെട്ട് ഏകദേശം 30,000 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.