‘ഐ.എസ്.ആർ.ഒയെ സ്വകാര്യവത്കരിക്കില്ല’; പ്രചാരണങ്ങൾ അടിസ്ഥാനരഹിതമെന്ന് ബഹിരാകാശ ഏജൻസി

ന്യൂഡൽഹി: ഐ.എസ്.ആർ.ഒയെ സ്വകാര്യവത്കരിക്കുമെന്നും സംഘടനയുടെ നിർമാണ-പ്രവർത്തന ചുമതലകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറുമെന്നും പ്രചരിക്കുന്ന റിപ്പോർട്ടുകൾ തളളി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ). ഇത്തരം പ്രചാരണങ്ങൾ “പൂർണമായും അടിസ്ഥാനരഹിതവും തെറ്റായതുമാണെന്ന്” വ്യക്തമാക്കിയ ഐ.എസ്.ആർ.ഒ, സംഘടനയെ സ്വകാര്യവത്കരിക്കുകയോ അതിന്റെ പ്രാധാന്യം കുറക്കുകയോ ചെയ്യില്ലെന്ന് ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യയുടെ പ്രധാന ബഹിരാകാശ ഗവേഷണ-സാങ്കേതിക വികസന സ്ഥാപനമായി ഐ.എസ്.ആർ.ഒ തുടരുമെന്നും ദേശീയ, തന്ത്രപ്രധാന ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്ര ഗവേഷണം, പര്യവേക്ഷണം, അത്യാധുനിക സാങ്കേതിക ശേഷികളുടെ വികസനം എന്നിവയിൽ സംഘടനയുടെ മുഖ്യപങ്ക് നിലനിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നത് ഐ.എസ്.ആർ.ഒയുടെ ചുമതലകൾ കുറക്കാനല്ലെന്നും, ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയുടെ അടുത്തഘട്ട ലക്ഷ്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംഘടനയെ പ്രാപ്തമാക്കുന്നതിനാണെന്നും ഐ.എസ്.ആർ.ഒ വിശദീകരിച്ചു. തെളിയിക്കപ്പെട്ട സാങ്കേതികവിദ്യകളും പ്രവർത്തന ശേഷികളും വ്യാപിപ്പിക്കുന്നതിൽ സ്വകാര്യ വ്യവസായങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്നും സംഘടന വ്യക്തമാക്കി.

“മാറുന്നത് ഐ.എസ്.ആർ.ഒയുടെ പ്രാധാന്യമല്ല; ഇന്ത്യയുടെ ബഹിരാകാശ മേഖലയുടെ വ്യാപ്തിയും ഘടനയുമാണ്. നിലവിലെ പരിഷ്കാരങ്ങളെ സ്വകാര്യവത്കരണമായി കാണാതെ ബഹിരാകാശ പരിസ്ഥിതിയുടെ വികസനവും ശേഷിവർധനവുമായാണ് കാണേണ്ടത്,” പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ,ഐ.എസ്.ആർ.ഒയിലെ ആയിരക്കണക്കിന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ഒമ്പത് സംഘടനകൾ സെപ്റ്റംബർ 4-ന് ഐ.എസ്.ആർ.ഒ ചെയർമാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ വി. നാരായണന് കത്തയച്ചിരുന്നു. ഐ.എസ്.ആർ.ഒയുടെ നിർമാണ-പ്രവർത്തന ചുമതലകളിൽ ചിലത് സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ നയത്തെയും സംഘടനയുടെ ഭാവി പങ്കിനെയും കുറിച്ച് വ്യക്തത തേടിയാണ് ജീവനക്കാരുടെ സംഘടനകൾ രംഗത്തെത്തിയത്.

Tags:    
News Summary - 'ISRO will not be privatized': Space agency terms campaigns baseless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.