‘ബൈ ബൈ പപ്പാ...; പിതാവിനോട് യാത്ര പറഞ്ഞ് നദിയിലേക്ക് ചാടി യുവതി, തിരച്ചിൽ തുടരുന്നു
കശ്മീർ: മൊബൈൽ ഫോണിൽ പിതാവിനോട് യാത്ര പറഞ്ഞ് യുവതി നദിയിലേക്ക് ചാടി. ജമ്മു കശ്മീരിലെ ദോഡയിലാണ് സംഭവം. പ്രേമനഗർ പാലത്തിൽനിന്ന് കൃഷൻ ലാലിന്റെ മകളായ പായൽ ദേവിയാണ് (21) ജീവനൊടുക്കാനായി ചെനാബ് നദിയിലേക്ക് ചാടിയത്.
യുവതിക്കായി തിരച്ചിൽ തുടരുകയാണ്. സുഹൃത്തിനൊപ്പം ഒരു ഉത്സവത്തിനു പോയി ബൈക്കിൽ മടങ്ങിവരുന്നതിനിടെ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. പാലത്തിനു സമീപം എത്തിയപ്പോൾ ബൈക്ക് നിർത്തി. പിന്നാലെ യുവതി പാലത്തിലേക്ക് ഓടിപോയി ചുറ്റുമുണ്ടായിരുന്നവരോടും ഫോണിലൂടെ പിതാവിനോടും യാത്ര പറഞ്ഞ് നദിയിലേക്ക് എടുത്തു ചാടുകയായിരുന്നു. ‘ആരും എന്‍റെ അരികിലേക്ക് വരരുത്, ഇത് എന്‍റെ ജീവിതമാണ്. ഹൃദയം പറയുന്നു, ഞാൻ ഇങ്ങനെയാണ് പോകേണ്ടത് എന്ന്. ബൈ ബൈ പപ്പാ...’ -കൃഷൻ ലാലിനോട് അവസാനമായി പായൽ ഫോണിൽ പറഞ്ഞ വാക്കുകളാണിത്.
സുഹൃത്തും ഈ സമയം അവിടെയുണ്ടായിരുന്നവരും യുവതിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. യുവതി നദിയിലേക്ക് ചാടുന്നതിന്‍റെ വിഡിയോ പുറത്തുവന്നു. സംസ്ഥാന ദുരന്ത നിവാരണ സേനയും പ്രദേശവാസികളും പൊലീസും ചേർന്ന് യുവതിക്കായി തിരിച്ചിൽ നടത്തുകയാണ്. എന്തിനാണ് മകൾ ഇത്തരമൊരു കടുംകൈ ചെയ്തതെന്ന് അറിയില്ലെന്ന് കൃഷൻ ലാൽ പറഞ്ഞു. ഉത്സവത്തിനു പോയി വരുന്നതിനിടെ തന്നെ വിളിച്ച് സുഖമില്ലെന്നും ഡോക്ടറെ കാണണമെന്നും പറഞ്ഞിരുന്നു. പിന്നാലെയാണ് തന്നെ വിളിച്ച് യാത്ര പറഞ്ഞ് നദിയിലേക്ക് എടുത്ത് ചാടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.