ചെന്നൈ: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ കയറ്റുമതിയിൽ ഉയർന്ന തീരുവ ചുമത്തിയതിനെത്തുടർന്ന് തിരുപ്പൂർ വസ്ത്ര നിർമാണ- കയറ്റുമതി മേഖല പ്രതിസന്ധിയിലായി. പ്രത്യേക സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കത്തയച്ചു.
ഉയർന്ന കയറ്റുമതി ചുങ്കം കാരണം തമിഴ്നാട്ടിലെ 20,000 ഫാക്ടറികളെയും 30 ലക്ഷം തൊഴിലവസരങ്ങളെയുമാണ് ബാധിച്ചിരിക്കുന്നതെന്ന് സ്റ്റാലിൻ കത്തിൽ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം, ഇന്ത്യയുടെ മൊത്തം 433.6 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയുടെ 20 ശതമാനം അമേരിക്കയിലേക്കായിരുന്നെങ്കിൽ, തമിഴ്നാടിന്റെ 52.1 ബില്യൺ ഡോളറിന്റെ ചരക്ക് കയറ്റുമതിയുടെ 31 ശതമാനവും അമേരിക്കയിലേക്കായിരുന്നു. ടെക്സ്റ്റൈൽ മേഖലയിൽ ഏകദേശം 75 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. താരിഫ് വർധന ദശലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാർഗത്തെ അപകടത്തിലാക്കും. - സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.
2,500 കയറ്റുമതിക്കാരും 20,000 വസ്ത്ര നിർമാണ യൂനിറ്റുകളുമുള്ള തിരുപ്പൂർ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ ഇന്ത്യയുടെ നിറ്റ്വെയർ കയറ്റുമതിയുടെ 68 ശതമാനവും സംഭാവന ചെയ്യുന്നുണ്ടെന്നും താരിഫ് ഉയർത്തിയതിനാൽ കയറ്റുമതി ഓർഡറുകൾ റദ്ദായിരിക്കയാണെന്നും സംഘടനയുടെ ജോ. സെക്രട്ടറി കുമാർ ദുരൈസാമി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.