യു.എൻ ജനറൽ അസംബ്ലി പ്രസിഡന്റ് അന്നലീന ബെയർ
ന്യൂഡൽഹി: ഫീസ് കൊടുക്കുന്നവരെ മാത്രം കൂട്ടുന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസി’ന് സമാധാനം കൊണ്ടുവരാൻ സാധ്യമല്ലെന്ന് യു.എൻ പൊതുസഭ പ്രസിഡന്റ് അന്നലീന ബെയർബോക്ക് വിമർശിച്ചു. ലോകത്ത് സമാധാനവും സുരക്ഷയും ഉറപ്പുവരുത്താൻ ഐക്യരാഷ്ട്രസഭക്ക് മാത്രമാണ് സാധ്യമാകുകയെന്നും അവർ വ്യക്തമാക്കി. അതേസമയം, സമാധാനം ഉറപ്പാക്കാൻ യു.എന്നിന് സാധിക്കണമെങ്കിൽ രക്ഷാ സമിതിയുടെ വീറ്റോ അധികാരം ജനറൽ അസംബ്ലിയിൽ ചോദ്യംചെയ്യാൻ കഴിയുന്നതടക്കമുള്ള പരിഷ്‍കരണങ്ങൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യ സന്ദർശനത്തിനെത്തിയ അന്നലീന ബെയർബോക്ക് ന്യൂഡൽഹിയിൽ കേന്ദ്ര വിദേശമന്ത്രി എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യു.എൻ ഓഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിൽ ട്രംപിന്റെ പേരെടുത്തുപറയാതെ യു.എന്നിനെ അപ്രസക്തമാക്കാൻ ചിലർ നീക്കങ്ങൾ നടത്തുന്നുണ്ടെന്ന് കുറ്റപ്പെടുത്തി. ഓരോ രാജ്യവും, എത്ര വലുതോ ചെറുതോ ആണെങ്കിലും, എത്ര ശക്തമോ സമ്പന്നമോ ആയാലും യു.എന്നിന്റെ മേശക്കു ചുറ്റുമിരിക്കാൻ ഇരിപ്പിടമുണ്ട്. എന്നാൽ, ചേരാൻ ഫീസ് അടക്കേണ്ടിവരുന്ന ഒരു ബോർഡിന് ലോകത്തിലാർക്കും സമാധാനം നൽകാനാവില്ല. ഐക്യരാഷ്ട്രസഭയെ മാറ്റിനിർത്തി ഗസ്സയിൽ സമാധാന ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനാണ് ട്രംപ് ജനുവരിയിൽ ‘ബോർഡ് ഓഫ് പീസ്’ പ്രഖ്യാപിച്ചത്. അതിൽ സ്ഥിരാംഗങ്ങളാകാൻ 100 കോടി ഡോളർ ഫീസ് അടക്കാനും ട്രംപ് ആവശ്യപ്പെട്ടു.
വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ യു.എൻ ചാർട്ടറിനോടുള്ള പ്രതിബദ്ധത പുതുക്കണമെന്ന് ബെയർബോക്ക് ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭക്ക് ഇന്ത്യ നൽകിയ സംഭാവനകളെ മുൻ ജർമൻ വിദേശകാര്യ മന്ത്രി കൂടിയായ ബെയർബോക്ക് പ്രശംസിച്ചു. യു.എന്നിന്റെ സ്ഥാപക അംഗരാജ്യമെന്ന നിലയിൽ, സംഘടനയുടെ 80 വർഷത്തെ ചരിത്രത്തിലും ഇന്ത്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു. 1948 മുതൽ ഇന്ത്യ 53ലധികം ദൗത്യങ്ങളിൽ 3,00,000 സൈനികരെ സംഭാവന ചെയ്തിട്ടുണ്ട്. ആഗോള സമാധാനത്തിനായി 184ലധികം ഇന്ത്യൻ സമാധാന സേനാംഗങ്ങൾ ആത്യന്തിക ത്യാഗം ചെയ്തിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.