മമത ബാനർജി

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മമത വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് ടി.ആർ.എസും എ.എ.പിയും വിട്ട് നിൽക്കും

ന്യൂഡൽഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ നിന്ന് തെലങ്കാന രാഷ്ട്ര സമിതിയും ആം ആദ്മി പാർട്ടിയും വിട്ട് നിൽക്കും.

കോൺഗ്രസുമായി വേദി പങ്കിടാൻ ടി.ആർ.എസ് ആഗ്രഹിക്കുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിന് ശേഷം മാത്രമേ വിഷയം പരിഗണിക്കൂവെന്ന് എ.എ.പി അറിയിച്ചു.

അതേസമയം രാഷ്ട്രപതി തെരഞ്ഞെടുപ്പിനായുള്ള സംയുക്ത തന്ത്രം രൂപീകരിക്കുന്നതിന് മമത വിളിച്ച യോഗത്തിൽ ടി.ആർ.എസും എ.എ.പിയും ഒഴികെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളും പങ്കെടുക്കും. ചൊവ്വാഴ്ച ഡൽഹിയിലെത്തിയ മമത ബാനർജി എൻ.സി.പി അധ്യക്ഷൻ ശരദ് പവാറിനെ അദ്ദേഹത്തിന്‍റെ വസതിയിൽ സന്ദർശിച്ച ശേഷം രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പ്രതിപക്ഷ സ്ഥാനാർഥിയായി മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ താൻ രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് പവാർ ഓഫർ നിരസിച്ചു.

ജൂൺ 15ന് ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് 22 പ്രതിപക്ഷ നേതാക്കൾക്കും മുഖ്യമന്ത്രിമാർക്കും കഴിഞ്ഞാഴ്ച മമത ബാനർജി കത്തയച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, സി.പി.ഐ.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെയുള്ള ബി.ജെ.പി ഇതര പാർട്ടികളോട് യോഗത്തിൽ പങ്കെടുക്കാൻ മമത അഭ്യർഥിച്ചു. യോഗത്തിൽ കോൺഗ്രസ് പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    
News Summary - TRS, AAP to skip Mamata-led Opposition meet on Presidential polls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.