ജമ്മുവിൽ ചാവേറാക്രമണ നീക്കം തകർത്തു; രണ്ട് ഭീകരരെ വധിച്ചു

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കശ്മീർ സന്ദർശിക്കാനിരിക്കെ ജമ്മുവിനടുത്ത സഞ്ച് വാനിൽ ഭീകരരെന്ന് കരുതുന്ന രണ്ടു പേരും സുരക്ഷ ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. സി.ഐ.എസ്.എഫ് സബ് ഇൻസ്‍പെക്ടറാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ട് പൊലീസുകാരടക്കം ഒമ്പത് സുരക്ഷാ ഭടന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. ജമ്മു നഗരപരിധിയിലെ സഞ്ച്‍വാൻ സേനാ ക്യാമ്പിന് സമീപം വെള്ളിയാഴ്ച പുലർച്ചയാണ് ഏറ്റുമുട്ടലുണ്ടായത്. പാകിസ്താനിലെ ജയ്ശെ മുഹമ്മദ് ഭീകരരാണ് കൊല്ലപ്പെട്ടതെന്നും പ്രധാനമന്ത്രിയുടെ സന്ദർശനം അലങ്കോലമാക്കാൻ ലക്ഷ്യമിട്ട വൻ ഗൂഢാലോചനയാണ് ചാവേറാക്രമണ നീക്കത്തിന് പിന്നിലെന്നും ഏറ്റുമുട്ടൽ സ്ഥലം സന്ദർശിച്ച ജമ്മു-കശ്മീർ ഡി.ജി.പി ദിൽബാഗ് സിങ് പറഞ്ഞു.

ആർ.എസ് പുര സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിവഴി വ്യാഴാഴ്ച ജമ്മു നഗരത്തിൽ കടന്ന ഭീകരർ സുഞ്ച്‍വാൻ സേനാ ക്യാമ്പിന് സമീപം തമ്പടിക്കുകയായിരുന്നുവെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. പൊട്ടിത്തെറിക്കുന്ന ചാവേർ വസ്ത്രം ധരിച്ചെത്തിയ ഭീകരരുടെ പക്കൽ മറ്റ് മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമുണ്ടായിരുന്നു. സേനക്ക് വലിയ നാശനഷ്ടം വരുത്താനാണ് ഭീകരർ ലക്ഷ്യമിട്ടിരുന്നതെന്നും ദിൽബാഗ് സിങ് പറഞ്ഞു.

പുലർച്ച നാലോടെ സൈനികർ ജോലിമാറുന്ന സമയത്ത് ക്യാമ്പിലെ കാവൽ ഭടന്മാരാണ് ഭീകരരുടെ നീക്കം ശ്രദ്ധിച്ചത്. ഈ സമയത്ത് 15 സി.ഐ.എസ്.എഫ് ഭടന്മാരുമായി ജമ്മു വിമാനത്താവളത്തിലേക്ക് അർധസൈനിക സുരക്ഷയോടെ ഒരു ബസ് പോകുന്നുണ്ടായിരുന്നു. ഇതു കണ്ട ഭീകരർ പെട്ടെന്ന് ബസിന് നേർക്ക് ഗ്രനേഡ് എറിഞ്ഞു. നിർത്താതെ വെടിയുതിർക്കുകയും ചെയ്തു. ഈ ആക്രമണത്തിലാണ് സി.ഐ.എസ്.എഫ് സബ് ഇൻസ്‍പെക്ടർ എസ്.പി പട്ടേലിന് ജീവൻ നഷ്ടമായത്. സി.ഐ.എസ്.എഫ് തിരിച്ചടിച്ചതിന് പിന്നാലെ സുരക്ഷാസേനയും സ്ഥലം വളഞ്ഞു. ആക്രമണം നടത്തിയ ഭീകരർ പ്രദേശത്തെ മുഹമ്മദ് അൻവർ എന്നയാളുടെ വീട്ടിൽ കയറി ഒളിച്ചതായി സേന കണ്ടെത്തി. വീട് വളഞ്ഞ് നടത്തിയ ആക്രമണത്തിലാണ് രണ്ട് ഭീകരരും കൊല്ലപ്പെട്ടത്. ആദ്യത്തെയാൾ വീട്ടിലെ കുളിമുറിയിൽ ഒളിക്കാൻ ശ്രമിച്ചപ്പോഴാണ് കൊല്ലപ്പെട്ടത്. കടുത്ത ഏറ്റമുട്ടലിനൊടുവിലാണ് രണ്ടാമത്തെ ഭീകരനെ വധിച്ചത്. ഏറ്റുമുട്ടൽ അഞ്ച് മണിക്കൂർ നീണ്ടതായി പൊലീസ് പറഞ്ഞു.

ഞായറാഴ്ച സാംബയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന പരിപാടി. 2019 ആഗസ്റ്റിൽ ജമ്മു-കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം കേന്ദ്ര ഭരണ പ്രദേശത്തിന്റെ അതിർത്തി മേഖലകൾ മാത്രമാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. രണ്ട് വൈദ്യുതി പദ്ധതികളടക്കം മേഖലയുടെ വികസനത്തിനായി 70,000 കോടിയുടെ വ്യവസായ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ചാവേർ ആക്രമണനീക്കമുണ്ടായ സാഹചര്യത്തിൽ ജമ്മു-കശ്മീരിൽ സുരക്ഷ കൂടുതൽ കർശനമാക്കി. 

Tags:    
News Summary - Trooper Dead, 4 Injured In Major Encounter In Jammu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.