ബി.ജെ.പി സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ച് ശത്രുഘ്നൻ സിൻഹ, റെക്കോർഡ് ഭൂരിപക്ഷം

കൊൽക്കത്ത: മൂന്നു വർഷം മുമ്പ് സ്വന്തം സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന്റെ ക്ഷീണം തൃണമൂൽ കോൺഗ്രസിന്റെ ശത്രുഘൻ സിൻഹ തീർത്തത് അയൽ സംസ്ഥാനത്ത് നേടിയ തകർപ്പൻ ജയത്തിലൂടെ. പശ്ചിമ ബംഗാളിലെ അസൻസോൾ മണ്ഡലത്തിൽ മൂന്നുലക്ഷത്തിലേറെ വോട്ടിനാണ് ഹിന്ദി സിനിമയിലെ മുൻ സൂപ്പർതാരമായ സിൻഹയുടെ ശത്രുസംഹാരം. ബി.ജെ.പിയുടെ അഗ്നിമിത്ര പോളാണ് 76കാരനായ സിൻഹക്കുമുന്നിൽ അടിയറവ് പറഞ്ഞത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പട്ന സഹാബിലെ പരാജയത്തോടെ രാഷ്ട്രീയവനവാസത്തിലായ സിൻഹയുടെ ശക്തമായ തിരിച്ചുവരവാണിത്. 80കളുടെ അവസാനം ബി.ജെ.പിയിൽ ചേർന്ന സിൻഹ 1992ൽ ന്യൂഡൽഹി ലോക്സഭ സീറ്റിലെ ഉപതെരഞ്ഞെടുപ്പിലാണ് മത്സരരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അന്ന് സിനിമരംഗത്തെ മറ്റൊരു സൂപ്പർതാരവും തന്റെ അടുത്ത സുഹൃത്തുമായ കോൺഗ്രസിന്റെ രാജേഷ് ഖന്നയോട് തോറ്റെങ്കിലും എ.ബി. വാജ്പേയിയുടെയും എൽ.കെ. അദ്വാനിയുടെയും അടുപ്പക്കാരനായി തുടർന്ന സിൻഹക്ക് രാജ്യസഭ സീറ്റ് കിട്ടി.

1996 മുതൽ 2008 വരെ രാജ്യസഭ അംഗമായി തുടർന്ന സിൻഹ വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയുമായി. 2009ലും 2014ലും പട്ന സഹാബിൽനിന്ന് ജയിച്ച് ലോക്സഭാംഗമായി. 2014ൽ നരേന്ദ്ര മോദി മന്ത്രിസഭയിൽ അവസരം നിഷേധിക്കപ്പെട്ടതിൽ ക്ഷുഭിതനായ സിൻഹ നിരന്തരം ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശന ശരങ്ങൾ തൊടുത്തു. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സീറ്റ് നൽകാതിരുന്നതോടെയാണ് കോൺഗ്രസിൽ ചേർന്നത്. എന്നാൽ, തെരഞ്ഞെടുപ്പിൽ തോറ്റതോടെ കോൺഗ്രസ് വിട്ട് ഈവർഷം തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു.

Tags:    
News Summary - Trinamool's Sathrugnan Sinha in Hugre Margin in Asansol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.