‘ജെ.ഡി.എസിനെ മാത്രമല്ല, കർണാടകയിലെ ജനങ്ങളെയാകെ അപമാനിക്കുന്നതിന് തുല്യം’ -ദേവഗൗഡക്ക് രാജ്യസഭ സീറ്റ് നൽകാത്തതിൽ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്

ബംഗളൂരു: ജനതാദൾ (സെക്കുലർ) അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡയെ രാജ്യസഭയിൽ തുടരാൻ അനുവദിക്കാത്തതിൽ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്. കർണാടകയിൽനിന്ന് ഒഴിവുള്ള നാല് രാജ്യസഭ സീറ്റുകളിലേക്ക് ജൂൺ 18ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, എൻ.ഡി.എക്ക് ജയിക്കാവുന്ന ഏകസീറ്റിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എം. നാഗരാജയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്. ഇതോ​ടെ തുടർച്ചയായ രണ്ടാംതവണയും രാജ്യസഭയിൽ ഇടംനേടാനുള്ള ഗൗഡയുടെ അവസരം ഇല്ലാതായി.

ബി.ജെ.പിയുടെ തീരുമാനം ജെ.ഡി എസിനെ മാത്രമല്ല, കർണാടകയിലെ ജനങ്ങളെയാകെ അപമാനിക്കുന്നതാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രിയോടുള്ള കടുത്ത അവഗണനയാണിതെന്ന് കർണാടകയുടെ ചുമതല വഹിക്കുന്ന മുതിർന്ന നേതാവ് രൺദീപ് സിങ് സുർജേവാല ‘എക്‌സി’ൽ കുറിച്ചു.

ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി എസ് നേതൃത്വത്തെ നിരന്തരം അപമാനിക്കുകയാണ്. തന്റെ കേന്ദ്രമന്ത്രിസ്ഥാനം നിലനിർത്താൻ വേണ്ടി ദേവഗൗഡയുടെ മകൻ എച്ച്.ഡി. കുമാരസ്വാമി ഈ അപമാനം മൗനമായി സഹിക്കുകയാണ്. ഒരു മന്ത്രിസ്ഥാനത്തിന് വേണ്ടി ബി.ജെ.പിയുടെ നിരന്തരമായ അപമാനങ്ങൾ കുമാരസ്വാമി അംഗീകരിക്കുന്നത് തികച്ചും ആശ്ചര്യകരമാണെന്നും സുർജേവാല പറഞ്ഞു.

അതേസമയം, പാർലമെന്റിൽ വിവിധ ബില്ലുകൾ പാസാക്കുന്നതിനായി ജെ.ഡി എസിന്റെയും ദേവഗൗഡയുടെയും പിന്തുണ കൈപ്പറ്റിയ ശേഷം ബി.ജെ.പിയും എൻഡിഎയും ഇത്തരമൊരു വഞ്ചന കാട്ടുമെന്ന് ആരും പ്രതീക്ഷിച്ചില്ലെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ബി.കെ. ഹരിപ്രസാദ് വാർത്തലേഖകരോട് പറഞ്ഞു. വരുംദിവസങ്ങളിൽ കർണാടകയിലെ ജനങ്ങൾ ബി.ജെ.പിയെ ഇതിന് ശിക്ഷിക്കുമെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ പ്രധാന വോട്ട് ബാങ്കായ വൊക്കലിഗ സമുദായത്തിന് ഇടയിൽ സംഭവം ചർച്ചയായിട്ടുണ്ട്. ദേവഗൗഡയോട് കാണിച്ച അവഗണന സമുദായത്തോടുള്ള വെല്ലുവിളിയായി കാണാനും കോൺഗ്രസ് ശ്രമം തുടങ്ങി.

രാജ്യസഭ തെരഞ്ഞെടുപ്പിൽ ദേവഗൗഡ വീണ്ടും മത്സരിക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പൊതുവെ വിലയിരുത്തിയിരുന്നത്. എന്നാൽ, സീറ്റ് വിഭജന ചർച്ചകളിൽ ബി.ജെ.പി കടുത്ത നിലപാട് സ്വീകരിച്ചതോടെ ജെ.ഡി എസ് നേതൃത്വം പ്രതിരോധത്തിലായി. സഖ്യത്തിലെ പ്രമുഖ നേതാവിനോട് കാണിച്ച ഈ അവഗണന പ്രാദേശിക തലത്തിലുള്ള ജെ.ഡി എസ് പ്രവർത്തകർക്കിടയിലും അമർഷത്തിന് കാരണമായിട്ടുണ്ട്.

വിഷയത്തിൽ ദേവഗൗഡ ഇതുവരെ പരസ്യമായ പ്രതികരണങ്ങൾക്ക് തയാറായിട്ടില്ല. എന്നാൽ, പാർട്ടിക്കുള്ളിൽ അടിയന്തര യോഗങ്ങൾ ചേർന്ന് ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ അദ്ദേഹം നിർദേശം നൽകി.

ജൂൺ 25ന് കാലാവധി അവസാനിക്കുന്ന നാല് രാജ്യസഭ സീറ്റുകളിലേക്കാണ് കർണാടകയിൽ ​തെരഞ്ഞെടുപ്പ് നടക്കുന്നത്. 93കാരനായ ദേവഗൗഡക്ക് പുറമെ, ഇറണ്ണ കഡാഡി, നാരായണ കൊരഗപ്പ (ഇരുവരും ബി.ജെ.പി), മല്ലികാർജുൻ ഖാർഗെ (കോൺഗ്രസ്) എന്നിവരാണ് കാലാവധി പൂർത്തിയാക്കുന്നത്.

തങ്ങളുടെ അംഗബലം അനുസരിച്ച് മൂന്ന് സീറ്റുകൾ വരെ നേടാനാകുന്ന കോൺഗ്രസ്, എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ വീണ്ടും കളത്തിലിറക്കിയിട്ടുണ്ട്. എ.ഐ.സി.സി സെക്രട്ടറി മൻസൂർ അലി ഖാൻ, പാർട്ടിയുടെ മീഡിയ പബ്ലിസിറ്റി വിഭാഗം അധ്യക്ഷൻ പവൻ ഖേര എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. 

Tags:    
News Summary - 'Insulted not just JD(S) but also people of Karnataka': Congress attacks BJP for denying RS nomination to Deve Gowda

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.