വിമതരുടെ ലയന നീക്കം: മമത പക്ഷത്തിന്റെ വാദം കേൾക്കാൻ സ്പീക്കർ ഓം ബിർള

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) വിമത എം.പിമാർ നാഷനൽ സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യയുമായി (എൻ.സി.പി.ഐ) ലയിക്കാൻ അനുമതി തേടി നൽകിയ കത്തിൽ തീരുമാനം എടുക്കുന്നതിന് മുമ്പ് മമത ബാനർജിക്കൊപ്പം നിൽക്കുന്നവരുടെ നിലപാട് കേൾക്കാൻ ലോക്സഭ സ്പീക്കർ ഓം ബിർള. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ മമതക്കൊപ്പം നിൽക്കുന്നവരെ സ്പീക്കർ ഔദ്യോഗികമായി ക്ഷണിച്ചു.

ലോക്സഭയിൽ ഒരു വിമത വിഭാഗത്തിനും പ്രത്യേക പദവിയോ അംഗീകാരമോ നൽകരുതെന്ന് ആവശ്യപ്പെട്ട് ടി.എം.സി പാർലമെന്ററി പാർട്ടി നേതാവ് അഭിഷേക് ബാനർജി ജൂൺ പത്തിന് സ്പീക്കർക്ക് മെയിൽ അയച്ചിരുന്നു. ടി.എം.സി എന്നത് വിഭജിക്കാനാകാത്ത ഒറ്റക്കെട്ടായ രാഷ്ട്രീയ പാർട്ടിയാണെന്നും വെറും ഒപ്പുകളുടെ മാത്രം ബലത്തിൽ രൂപവത്കരിക്കുന്ന ഒരു വിമത ഗ്രൂപ്പിനും ഔദ്യോഗിക അംഗീകാരത്തിന് അവകാശമില്ലെന്നും അദ്ദേഹം മെയിലിൽ ചൂണ്ടിക്കാട്ടി. ഇതിന് നൽകിയ മറുപടി സന്ദേശത്തിലാണ് കൂടിക്കാഴ്ചക്ക് നേരിൽ കാണാൻ സ്പീക്കർ ആവശ്യപ്പെട്ടത്.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് സ്പീക്കറുടെ ഓഫിസിൽ നിന്നുള്ള ഇ-മെയിൽ സന്ദേശം അഭിഷേക് ബാനർജിക്ക് ലഭിക്കുന്നത്. വൈകീട്ട് നാലുമണിക്കുതന്നെ സ്പീക്കറെ കണ്ട് സംസാരിക്കാനായിരുന്നു നിർദേശം. എന്നാൽ, ഇതേസമയം കൊൽക്കത്തയിൽ വെച്ച് ഇ.ഡി അഭിഷേക് ബാനർജിയെ ചോദ്യം ചെയ്യുകയായിരുന്നതിനാൽ ഇ-മെയിൽ പരിശോധിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇ.ഡി നടപടികൾ പൂർത്തിയാകുന്ന മുറക്ക് അദ്ദേഹത്തെ വിവരമറിയിക്കാമെന്നും ടി.എം.സി എം.പി കീർത്തി ആസാദ് സ്പീക്കറുടെ ഓഫിസിനെ അറിയിച്ചു.

അതേസമയം, വിമത എം.പിമാരുടെ ആവശ്യത്തിന്മേൽ അന്തിമ തീരുമാനമെടുക്കുന്നതിനുമുമ്പ് സ്പീക്കർ നിയമോപദേശം തേടുമെന്നാണ് പാർലമെന്റ് വൃത്തങ്ങൾ നൽകുന്ന സൂചന. ജൂലൈ മൂന്നാം വാരം ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനുമുമ്പ് ഈ വിഷയത്തിൽ തീരുമാനമുണ്ടാകും. സ്പീക്കറുടെ തീരുമാനം ഭാവിയിൽ കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ അതിനെ നിയമപരമായി നേരിടാൻ സാധിക്കുന്ന തരത്തിൽ, കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

തോൽവി: ഹരജിയുമായി മമത

കൊൽക്കത്ത: ഭബാനിപ്പുർ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് മേധാവിയും മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജി കൊൽക്കത്ത ഹൈകോടതിയിൽ തെരഞ്ഞെടുപ്പ് ഹരജി നൽകി. ഭബാനിപ്പുരിൽ പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 15,105 വോട്ടുകൾക്കാണ് മമതയെ പരാജയപ്പെടുത്തിയത്.

Tags:    
News Summary - Trinamool split: Lok Sabha Speaker invites Mamata faction to ‘present case’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.