ഇന്ത്യൻ വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് കാർഗോ കമ്പനിയായ 'സെലബി ഏവിയേഷൻ' ഒറ്റ ദിവസം കൊണ്ടാണ് ഇന്ത്യയിൽ നിന്നും പുറത്തായത്. ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി സുരക്ഷാ അനുമതി പെട്ടൊന്ന് റദ്ദാക്കിയതാണ് തുർക്കി ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കമ്പനിക്ക് പ്രവർത്തനം നിർത്തിപോവേണ്ടി വന്നത്.
അടുത്തിടെ ബ്ലൂംബെർഗ് എച്ച്ടിക്ക് നൽകിയ അഭിമുഖത്തിൽ സെലബി ഹോൾഡിങ് ചെയർപേഴ്‌സൺ കനാൻ സെലെബിയോഗ്ലു, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിച്ചത് തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും കഠിനവും വേദനാജനകവുമായ അധ്യായമായിരുന്നു അതെന്ന് പരസ്യമായി പ്രതികരിച്ചു. കമ്പനിയുടെ രണ്ട് പതിറ്റാണ്ടായി ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന സാന്നിധ്യം ഒറ്റരാത്രികൊണ്ട് ഇല്ലാതായതായി അവർ ബ്ലൂംബെർഗിനോട് പറഞ്ഞു.
"സെലെബി എയർപോർട്ട് സർവിസസ് ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും ഇന്ത്യൻ സർക്കാർ നിർത്തിവച്ചു, കമ്പനി ഉപകരണങ്ങൾ പിടിച്ചെടുത്തു. ഒറ്റ ദിവസം കൊണ്ട് ഞങ്ങളുടെ 10,000 ജീവനക്കാരെ മറ്റൊരു കമ്പനിയിലേക്ക് മാറ്റി. ഞങ്ങൾ കെട്ടിപ്പടുത്ത മൂല്യം - ഒരുപക്ഷേ 400–500 മില്യൺ ഡോളർ - ഒറ്റ ദിവസം കൊണ്ട് പൂജ്യമാക്കി കുറച്ചു."
ഇന്ത്യയുടെ വലിയ ആരാധികയാണെന്ന് സ്വയം വിശേഷിപ്പിച്ച സെലെബിയോഗ്ലു, ഇത് തന്റെ രണ്ടാമത്തെ രാജ്യമാണെന്നും കൂട്ടിച്ചേർത്തു. "എന്നാൽ ഈ സാഹചര്യം ഞങ്ങളെ ശരിക്കും ഞെട്ടിച്ചു. അത് എന്നെ ശരിക്കും വിഷമിപ്പിച്ചുവെന്നും അഭിമുഖത്തിൽ പറയുന്നു.
പാകിസ്താനിലെ ഭീകരവാദ ക്യാമ്പുകൾക്കും വ്യോമതാവളങ്ങൾക്കും നേരെ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വ്യോമാക്രമണത്തിൽ തുർക്കി പരസ്യമായി പാകിസ്താന് നയതന്ത്ര പിന്തുണ നൽകിയതാണ് സെലെബി ഏവിയേഷൻ ഇന്ത്യയിൽ നിന്നും പുറത്താവാൻ കാരണം. കൂടാതെ 350-ലധികം അത്യാധുനിക സൈനിക ഡ്രോണുകൾ പാകിസ്താന് തുർക്കി കൈമാറുകയും ചെയ്തിരുന്നു. ഇത് ഇന്ത്യയുടെ കടുത്ത അതൃപ്തിക്ക് കാരണമായി.
പഹൽഗാമിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർ കൊല്ലപ്പെട്ടിരുന്നു. ശത്രുരാജ്യത്തെ സൈനികമായി സഹായിക്കുന്ന ഒരു രാജ്യത്തിന്റെ കമ്പനി ഇന്ത്യയിലെ തന്ത്രപ്രധാനമായ വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് ഇന്ത്യ വിലയിരുത്തി. യുദ്ധം അവസാനിച്ച് കൃത്യം ഒരാഴ്ചക്കകം സെലബിയുടെ ലൈസൻസ് ഇന്ത്യ റദ്ദാക്കി.
പുറത്താക്കപ്പെടുന്നതിന് മുൻപ് ഡൽഹി, മുംബൈ, ബെംഗളൂരു ഉൾപ്പെടെ ഇന്ത്യയിലെ 9 പ്രധാന വിമാനത്താവളങ്ങളിലെ ഏറ്റവും വലിയ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, കാർഗോ ഓപ്പറേറ്റർ ആയിരുന്നു സെലെബി. പ്രതിവർഷം 58,000 വിമാനങ്ങളും 5.4 ലക്ഷം ടൺ ചരക്കുകളും ഇവർ കൈകാര്യം ചെയ്തിരുന്നു.500 മില്യൺ ഡോളർ മൂല്യമുണ്ടായിരുന്നു കമ്പനിക്ക്. തുർക്കി സർക്കാരുമായോ രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ലെന്ന് കാണിച്ച് സെലബി ഏവിയേഷൻ ഡൽഹി ഹൈകോടതിയെ സമീപിച്ചുവെങ്കിലും കോടതി ഹരജി തളളിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.