പട്‌ന: ‘ഖാൻ സർ’എന്നറിയപ്പെടുന്ന ഫൈസൽ ഖാന്റെ കോച്ചിങ് സെന്ററിന് നേർക്കുനടന്ന ആക്രമണത്തെക്കുറിച്ചും തുടർന്നുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ചും ആഴത്തിൽ അന്വേഷിക്കുന്നതായി ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ ചൗധരി. അധ്യാപകനായ റൗഷൻ ആനന്ദുമായുള്ള വ്യക്തി വിരോധമടക്കം എല്ലാ കോണുകളും പൊലീസ് അന്വേഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നേപ്പാളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച തന്റെ സഹോദരൻ പ്രിൻസ് യാദവിന്റെ ‘കൊലപാതകം’ ആസൂത്രണം ചെയ്തതായി ഖാനെതിരെ എതിരാളിയായ റൗഷൻ ആനന്ദ് ആരോപിച്ചതിന് പിന്നാലെയാണ് ചൗധരിയുടെ പ്രസ്താവന. കൊലപാതകത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആനന്ദ് ആവശ്യമുന്നയിച്ചിരുന്നു. ഖാൻ നടത്തുന്ന കോച്ചിങ് സെന്ററുകളിലൊന്നിൽ ഈ മാസം ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അസ്റ്റിലായശേഷം ജാമ്യത്തിൽ പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെയാണ് റൗഷൻ ആനന്ദ് വിവാദ അവകാശവാദം ഉന്നയിച്ചത്.
ജൂണ്‍ രണ്ടിന് രാത്രി അതിക്രമിച്ചെത്തിയ 200ഓളം പേര്‍ ‘ഖാൻ ഗ്ലോബൽ സ്റ്റഡീസ്’ കല്ലെറിഞ്ഞ് തകർക്കുകയായിരുന്നു. സ്വയരക്ഷക്കായി ഖാന്റെ രണ്ട് സെക്യൂരിറ്റി ഗാര്‍ഡുകള്‍ ലൈസന്‍സുള്ള റൈഫിള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തു. പക്ഷേ, സെക്യൂരിറ്റി ഗാര്‍ഡുകളെ അക്രമികള്‍ കീഴ്‌പ്പെടുത്തുകയും മാരകമായി ആക്രമിക്കുകയും ചെയ്തു. രാജ്യത്തുടനീളം ലക്ഷക്കണക്കിന് മത്സര പരീക്ഷ വിദ്യാർഥികളാണ് ഓൺലൈനിലും ഓഫ്ലൈനിലുമായുള്ള ഖാന്റെ ക്ലാസുകളെ ആശ്രയിക്കുന്നത്.
സമഗ്രാന്വേഷണം നടത്താൻ കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്ക് കത്ത് നൽകി. ‘പൊലീസ് അന്വേഷിക്കുന്നുണ്ട്. യഥാർഥ കുറ്റവാളികളെ ഉടൻ പിടികൂടും. പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലാത്തപ്പോൾ മാത്രമേ സർക്കാർ സി.ബി.ഐ അന്വേഷണം പരിഗണിക്കൂ’എന്നും ഉപമുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഭാവിയുമായി ബന്ധപ്പെട്ടതാണിതെന്നും ശരിയായ അന്വേഷണത്തിനുശേഷം പ്രശ്നത്തിന് പരിഹാരം കണ്ടെത്തുമെന്നും കേന്ദ്രമന്ത്രിയും എൽ.ജെ.പി ദേശീയ പ്രസിഡന്റുമായ ചിരാഗ് പാസ്വാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.