രാഷ്ട്രപതിയെ അപമാനിക്കാൻ ശ്രമിച്ചിട്ടില്ല; പരാമർശത്തിൽ ഖേദിക്കുന്നു -ദ്രൗപതി മുർമുവിനെതിരെ വംശീയാധീക്ഷേപം നടത്തിയതിൽ മാപ്പുപറഞ്ഞ് അഖിൽ ഗിരി

നന്ദിഗ്രാം: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ വംശീയാധീക്ഷേപം നടത്തിയ സംഭവത്തിൽ പശ്ചിമ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഖിൽ ഗിരി മാപ്പുപറഞ്ഞു. ''ബഹുമാന്യയായ രാഷ്ട്രപതിയെ അപമാനിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല. ബി.ജെ.പി നേതാക്കൾക്ക് മറുപടി നൽകിയതാണ്. അത്തരമൊരു പരാമർശം നടത്തിയതിൽ മാപ്പുപറയുന്നു. നമ്മുടെ രാഷ്ട്രപതിയെ അത്യധികം ബഹുമാനിക്കുന്നു''-എന്നായിരുന്നു അഖിൽ ഗിരിയുടെ വിശദീകരണം.

നന്ദിഗ്രാമിൽ വൻ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഷ്ട്രപതിയുടെ രൂപം സംബന്ധിച്ച് മന്ത്രി വിവാദ പരാമർശം നടത്തിയത്. അവർ (ബി.ജെ.പി) പറയുന്നു, ഞാൻ (അഖിൽ ഗിരി) സുന്ദരനല്ല. അദ്ദേഹം എത്ര സുന്ദരനാണെന്ന്! ആളുകളുടെ രൂപം നോക്കി ഞങ്ങൾ അവരെ വിലയിരുത്താറില്ല. നിങ്ങളുടെ രാഷ്ട്രപതിയെ ഞങ്ങൾ ബഹുമാനിക്കുന്നു. നിങ്ങളുടെ രാഷ്ട്രപതിയുടെ രൂപം എങ്ങനെയാണ്?"-അഖിൽ ഗിരി ചോദിച്ചു. 17 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

നിരുത്തരവാദപരമായ പരാമർശം നടത്തിയ മ​ന്ത്രിയെ പാർട്ടിയും കൈയൊഴിഞ്ഞു. ​''തീർത്തും നിരുത്തരവാദപരമായ പരാമർശമാണിത്. ഒരിക്കലും പാർട്ടിയുടെ നിലപാടല്ല ഇത്. രാഷ്ട്രപതിയെയും ആ പദവിയെയും അത്യധികം ബഹുമാനിക്കുന്നു​''.-എന്നാണ് വിവാദത്തിനു പിന്നാലെ തൃണമൂൽ കോൺഗ്രസ് വക്താവ് സാകേത് ഗോഖലെ ട്വീറ്റ് ചെയ്തത്.

Tags:    
News Summary - Trinamool Slams Bengal Minister Over Comment On President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.