ബംഗാളിൽ വൻ രാഷ്ട്രീയ വിവാദം; ഗവർണർ ബി.ജെ.പി നേതാക്കള്‍ക്ക് ആയുധങ്ങള്‍ കൈമാറുന്നുവെന്ന് തൃണമൂല്‍ എം.പി; മാപ്പ് പറഞ്ഞില്ലെങ്കിൽ നടപടിയെന്ന് ഗവർണർ

കൊൽക്കത്ത: ബി.ജെ.പി ക്രിമിനലുകൾക്ക് ഗവർണർ സി.വി ആനന്ദ ബോസ് ആയുധങ്ങളും വെടിക്കോപ്പുകളും നൽകുന്നുവെന്ന് തൃണമൂൽ എം.പി കല്യാൺ ബാനർജി നടത്തിയ ഗുരുതര ആരോപണം പശ്ചിമ ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. തൃണമൂൽ എം.പിയുടെ പ്രസ്താവനക്കെതിരെ മുന്നറിയിപ്പുമായി ബംഗാൾ ഗവർണർ രംഗത്തുവന്നു. ബാനർജി മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടേണ്ടിവരും എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ബാനര്‍ജിയുടെ ആരോപണങ്ങള്‍ പ്രകോപനപരവും നിരുത്തരവാദപരവുമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

‘ബി.ജെ.പി സേവകനും കഴിവുകെട്ടവനുമായ ഒരു ഗവര്‍ണര്‍ നിലവിലുള്ളിടത്തോളം കാലം പശ്ചിമ ബംഗാളില്‍ ഒരു നല്ല കാര്യവും സംഭവിക്കാന്‍ പോകുന്നില്ലെന്നും’ കല്യാണ്‍ ബാനര്‍ജി പറയുകയുണ്ടായി.

കഴിഞ്ഞ ദിവസം, ഗവർണർ ആനന്ദ ബോസ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ്.ഐ.ആറിനെ ന്യായീകരിച്ചു സംസാരിച്ചിരുന്നു. പൊരുത്തക്കേടുകൾ നീക്കം ചെയ്യുന്നതിനും തെരഞ്ഞെടുപ്പ് സംവിധാനത്തിൽ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ബിഹാർ തെരഞ്ഞെടുപ്പ് എസ്.ഐ.ആറിനുള്ള വിശാലമായ പൊതുജന സ്വീകാര്യത പ്രകടമാക്കിയെന്നും അദ്ദേഹം പറയുകയുകയുണ്ടായി.

ഉടൻ തന്നെ ഇതിനോട് ബാനർജി പ്രതികരിക്കുകയും ഗവർണർ കുറ്റവാളികളെ സജീവമായി സഹായിക്കുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ‘ആദ്യം, ബി.ജെ.പിയുടെ ക്രിമിനലുകൾക്ക് രാജ്ഭവനിൽ അഭയം നൽകരുതെന്ന് ഗവർണറോട് പറയുക. അദ്ദേഹം കുറ്റവാളികളെ അവിടെ സൂക്ഷിക്കുന്നു. അവർക്ക് തോക്കുകളും ബോംബുകളും നൽകുന്നു. തൃണമൂൽ പ്രവർത്തകരെ ആക്രമിക്കാൻ അവരോട് പറയുന്നു. ആദ്യം അദ്ദേഹം ഇത് നിർത്തട്ടെ’ എന്നായിരുന്നു എം.പിയുടെ പ്രസ്താവന.

‘നിങ്ങളെപ്പോലുള്ള ഒരു കഴിവുകെട്ട, ബി.ജെ.പിയുടെ സേവകനായ ഒരു ഗവർണർ തുടരുന്നിടത്തോളം പശ്ചിമ ബംഗാളിൽ ഒരു നല്ല കാര്യവും സംഭവിക്കുന്നത് ഒരിക്കലും കാണാൻ കഴിയില്ലെ’ന്നും ബാനർജി പറയുകയുണ്ടായി.

ഇതിനെതിരെ രംഗത്തുവന്ന ഗവർണർ, രാജ് ഭവനിനുള്ളില്‍ ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടെന്ന് ഒരു എം.പി പറയുമ്പോള്‍ സംസ്ഥാനത്തെ പൊലീസ് സേനയിലുള്ള വിശ്വാസക്കുറവ് പ്രകടിപ്പിക്കുകയാണോ എന്ന് ചോദ്യം ചെയ്തു. രാജ്ഭവന്‍ കല്യാണ്‍ ബാനര്‍ജിക്കും പൊതുജനങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുകയാണ്. അവിടെ എല്ലാവര്‍ക്കും വന്ന് നോക്കാവുന്നതാണെന്നും ഗവർണർ പറഞ്ഞു. അതേസമയം, ബാനര്‍ജി മാപ്പ് പറയണമെന്ന് ഔദ്യോഗികമായി രാജ് ഭവന്‍ ഓഫിസ് ആവശ്യപ്പെടുകയും ചെയ്തു.

പൊലീസ് കാവല്‍ നില്‍ക്കുന്ന രാജ്ഭവന്റെ പരിസരത്തേക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എങ്ങനെ കൊണ്ടുവരാന്‍ സാധിക്കുമെന്നും ഗവര്‍ണറുടെ ‘ഇസഡ്’ കാറ്റഗറി സുരക്ഷയെ ചോദ്യം ചെയ്യുന്ന നടപടിക്ക് എതിരെ അടിയന്തര അന്വേഷണം വേണമെന്നും രാജ് ഭവന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Trinamool MP says Governor is handing over weapons to BJP leaders; Governor says action will be taken if they do not apologize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.