ലഖ്നോ: കാൺപൂരിൽ പരിശീലനത്തിനിടെ വിമാനത്തിന്‍റെ പ്രപ്പല്ലർ ഇടിച്ച് വനിതാ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റു. വിമാനത്തിൽ നിന്നിറങ്ങിയപ്പോഴായിരുന്നു അപകടം. വെള്ളിയാഴ്ച രാത്രി കാൺപൂരിലെ ചകേരി വിമാനത്താവളത്തിൽ വെച്ച് പരിശീലനപറക്കലിനിടെ പ്രൊപ്പല്ലർ ഇടിക്കുകയായിരുന്നു. സംഭവം ഗുരുതരമായ സുരഷാ വീഴ്ചയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഡി.ജി.സി.എ അന്വേഷണം പ്രഖ്യാപിക്കുകയും വിമാനം താൽക്കാലികമായി നിർത്തുകയും ചെയ്തു.
ഗാർഗ് ഏവിയേഷന്റെ ടെക്നാം P2006T എന്ന ഇരട്ട എഞ്ചിൻ പരിശീലന വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഫ്ലൈറ്റ് ഇൻസ്ട്രക്ടറും വനിതാ കേഡറ്റും ഉൾപ്പെടെയുള്ളവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം ലാൻഡ് ചെയ്ത ശേഷം, എഞ്ചിനുകൾ പ്രവർത്തിച്ചുകൊണ്ടിരിക്കെ തന്നെ വനിതാ പൈലറ്റ് വിമാനത്തിൽ നിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങി നടന്നുപോകുന്നതിനിടെ കറങ്ങിക്കൊണ്ടിരുന്ന വിമാനത്തിന്‍റെ ചിറക് യുവതിയുടെ പുറകിൽ ശക്തമായി ഇടിക്കുകയായിരുന്നു.
ഉടൻ തന്നെ യുവതിയെ കാൺപൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഡി.ജി.സി.എ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പൂർത്തിയാകുന്നത് വരെ ഇൻസ്ട്രക്ടറെ പരിശീലന ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായി ഡി.ജി.സി.എ അറിയിച്ചു. അപകടത്തിൽപ്പെട്ട ടെക്നാം P2006T വിമാനം അന്വേഷണം തീരുന്നത് വരെ പരിശീലത്തിനായി ഉപയോഗിക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. എഞ്ചിനും പ്രൊപ്പല്ലറുകളും പ്രവർത്തിച്ചുകൊണ്ടിരിക്കെ തന്നെ പരിശീലനാർഥി വിമാനത്തിൽ നിന്ന് പുറത്തിറങ്ങിയ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.