അഭിജിത് ദീപ്‌കെ
ഹോസ്റ്റൽ നടത്തിപ്പ് ആർ.എസ്.എസ് ട്രസ്റ്റിന്; ധാരണാപത്രം കീറിയെറിഞ്ഞ് അഭിജിത് ദിപ്കെ
നാഗ്പൂർ: മഹാരാഷ്ട്രയിൽ സംസ്ഥാന സർക്കാരും സ്വകാര്യ ട്രസ്റ്റും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ പകർപ്പ് കീറിയെറിഞ്ഞ് അഭിജിത് ദീപ്‌കെ. ഗോത്രവർഗ ഹോസ്റ്റലുകളുടെ നടത്തിപ്പ് ആർ.എസ്.എസുമായി ബന്ധമുള്ള സ്വകാര്യ ട്രസ്റ്റിന് കൈമാറുന്നതിന്റെ ധാരണാപത്രത്തിന്റെ പകർപ്പാണ് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ പരസ്യമായി കീറിയെറിഞ്ഞ് പ്രതിഷേധിച്ചത്. നാഗ്പൂർ പ്രസ് ക്ലബ്ബിൽ ഗോത്രവർഗക്കാരായ വിദ്യാർത്ഥികളുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കിടെയാണ് സംഭവം.
ഹോസ്റ്റലുകൾ സ്വകാര്യവൽക്കരിക്കുന്ന കരാർ അടിയന്തരമായി റദ്ദാക്കണമെന്ന വിദ്യാർഥികളുടെ ആവശ്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച ശേഷമാണ് അഭിജിത് ധാരണാപത്രത്തിന്റെ കോപ്പി കീറിയത്. ഇതോടൊപ്പം ഗോത്രവർഗ മേഖലകളിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തങ്ങളുടെ സംഘടനയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 17 മുതൽ മഹാരാഷ്ട്രയിലെ ഗഡ്ചിരോലിയിൽ നിന്ന് ‘ആദിവാസി സ്കൂൾ തിക് കരോ’ എന്ന പേരിൽ വിപുലമായ പ്രതിഷേധ കാമ്പയിൻ ആരംഭിക്കുമെന്നും അഭിജീത് ദിപ്കെ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ഏകദേശം 490 ഗോത്രവർഗ്ഗ ഹോസ്റ്റലുകളുടെ ദൈനംദിന പ്രവർത്തനങ്ങളും നടത്തിപ്പും ആർ.എസ്.എസുമായി ബന്ധമുള്ള ‘ലേറ്റ് ലക്ഷ്മൺ മങ്കർ ട്രസ്റ്റി’ന് മഹാരാഷ്ട്ര സർക്കാർ രഹസ്യമായി കൈമാറിയെന്ന് ഗോത്രവർഗ അവകാശ സംരക്ഷണ സമിതി ആരോപണം ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ സംസ്ഥാനത്തുടനീളം ശക്തമായത്.
എന്നാൽ ഹോസ്റ്റലുകളുടെ നിയന്ത്രണമോ ഭരണച്ചുമതലയോ സ്വകാര്യ വ്യക്തികൾക്കോ ട്രസ്റ്റുകൾക്കോ വിട്ടുകൊടുത്തിട്ടില്ലെന്നും അത്തരം പ്രചാരണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണെന്നുമാണ് ഗോത്രവർഗ വികസന വകുപ്പ് ഉദ്യോഗസ്ഥർ വിഷയത്തിൽ പ്രതികരിച്ചത്. ഗോത്രവർഗക്കാരായ വിദ്യാർഥികളുടെ വ്യക്തിത്വ വികസനത്തിനും കരിയർ ഗൈഡൻസിനും ആവശ്യമായ പ്രത്യേക പരിശീലന പരിപാടികൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ് ഒരു വർഷം മുമ്പ് ഈ സ്വകാര്യ ട്രസ്റ്റുമായി ഒരു താൽക്കാലിക ധാരണാപത്രത്തിൽ ഒപ്പുവെച്ചതെന്ന് സർക്കാർ മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.