ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ബോണറ്റിൽ കുടുങ്ങിയ പൊലീസുകാരനെയും കൊണ്ട് അപകടകരമായി നാലു കിലോമീറ്റർ ഓടി കാർ. തിങ്കളാഴ്ചയാണ് സംഭവം. നഗരത്തിലെ സത്യസായി മേഖലയിൽ ഫോണിൽ സംസാരിച്ചുകൊണ്ട് കാർ ഓടിച്ചയാളെ തടയാൻ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന 50കാരനായ ട്രാഫിക് പൊലീസ് ഹെഡ് കോൺസ്റ്റബിൾ ശിവ് സിങ് ചൗഹാനെയും വഹിച്ചാണ് കാർ ഓടിയത്. കാർ നിർത്താൻ വേണ്ടി അദ്ദേഹം ബോണറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ കാർ നിർത്താതെ നാലു കിലോ മീറ്ററോളം പൊലീസുകാരനെയും വഹിച്ച് ഓടി.
ഫോൺ ചെയ്ത് കാറോടിച്ചതിന് പിഴയടക്കാൻ പ്രതിയോട് ആവശ്യപ്പെട്ടുവെന്നും അതിന് സമ്മതിക്കാതെ പൊലീസുകാരോട് ദേഷ്യപ്പെട്ട് പ്രതി കാറെടുത്ത് പോവുകയായിരുന്നെന്നുമാണ് പൊലീസ് പറയുന്നത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ പ്രതിയെ തടഞ്ഞു നിർത്താനായി ബോണറ്റിലേക്ക് ചാടുകയായിരുന്നു. എന്നാൽ കാർ നിർത്താൻ കൂട്ടാക്കാതെ ഡ്രൈവർ പൊലീസുകാരനെയും വഹിച്ച് നാലു കിലോമീറ്റർ ഓടി. ബോണറ്റിൽ അപകടകരമാം വിധം അള്ളിപ്പിടിച്ചാണ് പൊലീസുകാരൻ ഇരുന്നിരുന്നത്. തുടർന്ന് പൊലീസുകാർ ഓടിയെത്തി കാറിനെ വളഞ്ഞ് ട്രാഫിക് ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തുകയും ഡ്രൈവറെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
അശ്രദ്ധമായ ഡ്രൈവിങ്, ഡ്യൂട്ടിയിലുള്ള പൊതുസേവകനെ അപകടപ്പെടുത്താൻ മനപൂർവമായ ശ്രമംതുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.