ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരത്തീരുവ യു.എസ് സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിനിടയിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാർ അന്തിമ ഘട്ട ചർച്ചകൾക്കായുള്ള ഇന്ത്യൻ സംഘത്തിന്റെ വാഷിങ്ടൺ യാത്ര മാറ്റി.
വാണിജ്യ മന്ത്രാലയ ജോയന്റ് സെക്രട്ടറി ദർപൺ ജെയിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അമേരിക്കൻ സന്ദർശനം, പുതിയ സംഭവ വികാസങ്ങളും അനന്തരഫലങ്ങളും വിലയിരുത്തിയിട്ട് മതിയെന്നാണ് ഇരു രാജ്യങ്ങളുടെയും നിലപാടെന്ന് വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
കരാർ ഒപ്പിടാനായി അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിയേസൺ ഗ്രിയറിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ഇന്ത്യൻ സംഘത്തിന്റെ ത്രിദിന അമേരിക്കൻ സന്ദർശനം ഫെബ്രുവരി 23ന് ആരംഭിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കരാറിന്റെ വിശാലമായ ചട്ടക്കൂട് സംബന്ധിച്ച് ഇരു രാജ്യങ്ങളും ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ, യു.എസ് സുപ്രീംകോടതിയിൽ നിന്ന് ട്രംപിന് നേരിട്ട പ്രഹരത്തിന്റെ പശ്ചാത്തലത്തിൽ, കരാറിൽ വിമർശനം ഏറ്റുവാങ്ങിയ വ്യവസ്ഥകൾ മയപ്പെടുത്താൻ അവസരം ലഭിക്കുമോയെന്നതാണ് കേന്ദ്ര സർക്കാർ നോക്കുന്നത്. ഇതിനിടെ തീരുവ പ്രതിസന്ധി ഇന്ത്യൻ കയറ്റുമതിക്കാർക്ക് കടുത്ത സാഹചര്യമാണ് ഉളവാക്കിയിരിക്കുന്നത്. അമേരിക്ക ചുമത്തിയ 25 ശതമാനം അധിക തീരുവ 18 ആയി കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോഴാണ് സുപ്രീംകോടതിയിൽ നിന്ന് ട്രംപിന് തിരിച്ചടി നേരിട്ടത്.
ആഗോള തലത്തിൽ 10 ശതമാനം പുതിയ തീരുവ പ്രഖ്യാപിച്ച പ്രസിഡന്റ് അന്നുതന്നെ അത് 15 ശതമാനമാക്കി കൂട്ടുകയും ചെയ്തു. തീരുവയിലെ കൂട്ടലും കുറക്കലും മൂലം കഴിഞ്ഞ പത്ത് മാസമായി ഇന്ത്യൻ കയറ്റുമതി ബിസിനസുകാർ അനിശ്ചിതത്വം നേരിടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.