തലക്ക് 50 ലക്ഷം രൂപ വിലയിട്ട മാവോവാദി നേതാവ് മദ്‍വി ഹിദ്മയെ ഏറ്റുമുട്ടലിലൂടെ വധിച്ചു

വിജയവാഡ: കുപ്രസിദ്ധ മാവോവാദി നേതാവ് മദ്‍വി ഹിദ്മയെ ഏറ്റുമുട്ടലിൽ വധിച്ചു. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമരാജു ജില്ലയിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഹിദ്മയെ സുരക്ഷ സേന വധിച്ചത്. മാവോവാദികളുടെ ഒളിയിടങ്ങളായ ആ​ന്ധ്ര, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളുടെ അതിർത്തികളിൽ സുരക്ഷാസേന നടത്തിയ ഓപറേഷനിലൂടെയാണ് ഹിദ്മ വധിച്ചത്. ഈ പ്രദേശങ്ങളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.ഏറെ കാലമായി ഒളിവിൽ കഴിഞ്ഞിരുന്ന ഹിദ്മയുടെ തലക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

ഹിദ്മയുടെ ഭാര്യ രാജെ എന്ന രാജാക്കയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നാണ് കരുതുന്നത്. ഒപ്പം ആറ് മാവോവാദികളുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്. ഇന്ത്യയിൽ 26ഓളം ആക്രമണത്തിന് നേതൃത്വം നൽകിയ മാവോവാദി നേതാവാണ് ഹിദ്മ. രാജ്യത്തെ നടുക്കിയ നിരവധി മാവോവാദി ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു ഹിദ്മ.

2010 ല്‍ ദന്തേവാഡയില്‍ 76 സി.ആർ.പി.എഫ് ജവാന്മാര്‍ വീരമൃത്യുവരിച്ച മാവോവാദി ആക്രമണം, 2013 ല്‍ ഝിറാം ഖാട്ടിയില്‍ കോണ്‍ഗ്രസ് നേതാക്കളടക്കം 27 പേരുടെ ജീവന്‍ നഷ്ടമായ ആക്രമണം, 2021 ല്‍ സുക്മയിലും ബിജാപുരിലുമായി 22 സുരക്ഷാസേനാംഗങ്ങള്‍ കൊല്ലപ്പെട്ട ആക്രമണം എന്നിവയടക്കം വിവിധ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഹിദ്മയായിരുന്നു. ഏറെക്കാലമായി ഒളിവില്‍ കഴിഞ്ഞ് മാവോവാദി പ്രവര്‍ത്തനം നടത്തിയിരുന്ന ഹിദ്മയുടെ തലക്ക് 50 ലക്ഷം രൂപയാണ് ഇനാം പ്രഖ്യാപിച്ചിരുന്നത്.

1981ൽ മധ്യപ്രദേശിലെ സുക്മയിലാണ് ജനിച്ചത്. പീപ്ൾസ് ലിബറേഷൻ ഗറില്ല ആർമിയുടെ ബറ്റാലിയനെ നയിച്ചു. സി.പി.ഐയുടെ മാവോവാദി വിഭാഗത്തിന്റെ സെൻട്രൽ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. ബസ്തർ മേഖലയിൽ നിന്ന് സെൻട്രൽ കമ്മിറ്റിയിലെത്തിയ ഏക ഗോത്രവർഗക്കാരനായിരുന്നു.

Tags:    
News Summary - Top Maoist Commander Madvi Hidma Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.