രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമൊരു തുറന്ന കത്ത്

ന്യൂഡൽഹി: രാജ്യത്തെ സമകാലീന രാഷ്ട്രീയാന്തരീക്ഷത്തില്‍ തനിക്കുള്ള ആശങ്കകളും നിരാശകളും പങ്കുവെച്ചുകൊണ്ട് മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും തുറന്ന കത്തെഴുതി. സമാധാനത്തിനുള്ള മഗ്സാസെ അവാർഡ് ജേതാവ് കൂടിയായ രാംദാസ് രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങൾ സംബന്ധിച്ച ആശങ്കയാണ് പങ്ക് വെച്ചത്.


കത്തിൻെറ പൂർണരൂപം

ബഹുമാനപ്പെട്ട പ്രസിഡന്റ്, ബഹുമാനപ്പെട്ട പ്രധാനമന്ത്രി,

എന്റെ പ്രിയപ്പെട്ട രാജ്യവും അവിടുത്തെ ജനതയും ഗുരുതരമായ വെല്ലുവിളികള്‍ നേരിടുകയും നമ്മുടെ മഹത്തായ പാരമ്പര്യം വലിയ ഭീഷണികള്‍ നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഹൃദയവേദനയോടു കൂടിയാണ് ഞാനീ തുറന്ന കത്ത് എഴുതുന്നത്.

ഞാന്‍ ഇന്ത്യന്‍ സായുധസേനയില്‍ സേവനമനുഷ്ഠിച്ചയാളാണ്. സ്വാതന്ത്ര്യം ലഭിച്ചയുടന്‍ 14ാം വയസില്‍ സേവനം തുടങ്ങിയ എന്റെ 45 വര്‍ഷത്തെ കരിയറിനിടെ ഇന്ത്യന്‍ നാവികസേനാ മേധാവിയുമായി (1990 മുതല്‍ 1993 വരെ). ഇതിനിടെ ഇന്ത്യയില്‍ പലമാറ്റങ്ങള്‍ക്കും സാക്ഷിയായി. 1947ലെ വിഭജനകാല ഭീതി മുതല്‍ നാം ഇന്ന് കാണുന്ന ഡിജിറ്റള്‍ കക്ടിവിറ്റിയുടെ മറ്റൊരു ലോകം വരെ.

ഹിന്ദു വിശ്വാസപ്രകാരം വളര്‍ന്ന ഒരാളെന്ന നിലയില്‍ കൂടിയാണ് ഞാന്‍ ഈ എഴുത്ത് എഴുതുന്നത്. ഞാന്‍ മനസിലാക്കുകയും അനുഭവിക്കുകയും ചെയ്ത ഹിന്ദുയിസം മാന്യവും, അനന്യമായ ബഹുസ്വരത ഉള്‍ക്കൊള്ളുന്നതുമായിരുന്നു. സ്‌നേഹത്തിന്റെ മൂല്യവും എല്ലാ ജീവികളോടുമുള്ള ആദരവും എന്റെ മതം എന്നെ പഠിപ്പിച്ചു. ഇന്നത്തെ ‘ഹിന്ദുത്വ’ ബ്രാന്റ് പ്രതിനിധീകരിക്കുന്ന തരത്തില്‍ വിഭജനത്തിന് ആക്കം കൂട്ടുന്നതും രാജ്യത്ത് ഭീതി വളര്‍ത്തുന്നതുമായ ഹിംസയും അസഹിഷ്ണുതയും നിറഞ്ഞതല്ല എന്റെ ഹിന്ദുയിസം ബ്രാന്റ്.

ഇന്ന്, എന്റെ സഹജീവിതങ്ങള്‍ക്ക്, പ്രത്യേകിച്ച് ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കുമെതിരായ ആക്രമണങ്ങളുടെ ഒരു നിരതന്നെ കാണുമ്പോള്‍ എണ്‍പതുവയസിന്റെ അനുഭവസമ്പത്തുള്ള ഞാന്‍ ലജ്ജ കൊണ്ട് തലകുനിക്കേണ്ടി വന്നിരിക്കുകയാണ്. 45 വര്‍ഷം ഞാന്‍ സേവനമനുഷ്ഠിച്ച നമ്മുടെ സായുധ സേന ഇന്ത്യയുടെ മതേതര ചിന്തകള്‍ക്ക് മാതൃകയാണ്. അത് കപ്പലിലായാലും മുങ്ങിക്കപ്പലിലായാലും, വിമാനത്തിലായാലും യുദ്ധരംഗത്തായാലും, മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ ഞങ്ങള്‍ക്കിടയില്‍ വിവേചനങ്ങളുണ്ടായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ച് പരിശീലിക്കുകയും പോരാടുകയും ജീവിക്കുകയും തിന്നുകയും മരിക്കുകയും ചെയ്തു.

2014 മെയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എന്തുകൊണ്ടാണ് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി നാം കാണുന്നത്? ചില പ്രത്യേക സമുദായങ്ങള്‍ പ്രത്യേക ശ്രദ്ധയോടെ താക്കീത് ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് മുസ്‌ലീങ്ങള്‍. ഇന്ന് ഒരു മുസ്‌ലീമിന് അവനായാലും അവളായാലും അവരുടെ ദേശഭക്തി തെളിയിക്കേണ്ടി വരുന്നു.

അവരുടെ ആരാധനാലായങ്ങള്‍ ആക്രമിക്കപ്പെട്ടു, അവരുടെ ഭക്ഷണശീലങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും ചോദ്യം ചെയ്യപ്പെടുന്നു. തീര്‍ത്തും അംഗീകരിക്കാനാവാത്ത ഏകപക്ഷീയമായ ജനക്കൂട്ട പെരുമാറ്റം കൊലപാതകത്തിലേക്ക് നയിക്കുന്നതും മുതിര്‍ന്ന നേതാക്കളുടെ പ്രകോപനപരമായ പരസ്യ പ്രതികരണങ്ങളും കൂടുകയും ആവര്‍ത്തിക്കുകയുമാണ്. യാതൊരു ശിക്ഷാ ഭയവുമില്ലാതെ ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നു.

ഇന്ത്യയില്‍ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാനുള്ള ഭൂരിപക്ഷ അജണ്ട നടപ്പിലാക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്നാണ് തോന്നുന്നത്. ഇതുമാത്രം പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്വയം സേവക് സംഘവും മറ്റ് ഹിന്ദുത്വശക്തികളുമാണിതിന് പിന്നില്‍. ഇത് വെറും പ്രചരണങ്ങളുടെ പേരില്‍ ഭീഷണിപ്പെടുത്തുന്നതും കൊലചെയ്യുന്നതുമുള്‍പ്പെടെ വളരെ അപകടകരമായ ഒരു ജനക്കൂട്ട പെരുമാറ്റത്തിന് വഴിവെച്ചിരിക്കുകയാണ്. ചുരുക്കി പറഞ്ഞാല്‍ നിലവിലുള്ള നിയമസംവിധാനത്തെ വകവെക്കാത്ത രീതി. നിയമം നടപ്പിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ പക്ഷപാതിത്വം പ്രകടമാക്കുകയാണ്.

രാജ്യഭരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ തുറന്ന് അപലപിക്കുന്നില്ല എന്നതാണ് ഇതിനേക്കാളേറെ ഞെട്ടലുണ്ടാക്കുന്ന കാര്യം. സര്‍ക്കാറിന്റെ പ്രതികരണം ഓരോ തവണയും ദയയില്ലാത്തതും അനാസ്ഥ വെളിവാക്കുന്നതുമാണ്. ഇത്തരം ആക്രമണങ്ങളുടെയും ആരോപണങ്ങളുടെയും ഗൗരവവും ഗുരുതരവുമായ സ്വഭാവത്തിന്റെ പ്രാധാന്യം കുറച്ചുകാണിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നുണ്ടാകുന്നത്.

ഈ സമൂഹം ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ഉറപ്പുവരുത്താനുള്ള പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നടക്കുമ്പോള്‍ അധികാരികള്‍ ഈ സംഭവങ്ങളെ വെറുതെ ‘വേദനാജനകം’ എന്നോ ‘ദൗര്‍ഭാഗ്യകരമെന്നോ’ വിശേഷിപ്പിക്കുന്നു. ഇത്തരം പ്രതികരണങ്ങളിലും നടപടികളിലും മുന്‍പന്തിയില്‍ എം.പിമാര്‍ മുതല്‍ മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും വരെയുണ്ട്. ഭരിക്കുന്ന പാര്‍ട്ടിയും അതിന്റെ സംഘടനകളുമെല്ലാം ചേര്‍ന്നു നടത്തുന്ന ഒരു പദ്ധതിയാണെന്ന ധാരണ ഇത് ആളുകള്‍ക്കിടയില്‍ സൃഷ്ടിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇതികം തന്നെ വിവേചനങ്ങളും അരികുവത്കരിക്കപ്പെട്ടതായി തോന്നുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിങ്ങള്‍ തീകൊണ്ടാണ് കളിക്കുന്നതെന്ന് രാജ്യത്തിന്റെ മുന്‍നിര നേതാക്കളെ ഓര്‍മ്മപ്പെടുത്തേണ്ട കാര്യമില്ല.

നമ്മുടെ നാനാത്വത്തെ നമ്മുടെ ശക്തിയായി പരിഗണിക്കുന്നതിനു പകരം അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നമ്മള്‍ വംശീയ, ഫാസിസ്റ്റ്, അസഹിഷ്ണു, സങ്കുചിതമായ ഒരു സമൂഹമായി മാറിയിരിക്കുകയാണ്. ചിലവിഭാഗങ്ങള്‍ക്കെതിരായ അക്രമം ഇന്ത്യ അപൂര്‍ണ ജനാധിപത്യമാണെന്ന പ്രതിച്ഛായ സൃഷ്ടിച്ചിരിക്കുകയാണ്, എല്ലാതരത്തിലുളള അഭിപ്രായ ഭിന്നതകളെയും നിരുത്സാഹപ്പെടുത്തുകയും മനുഷ്യാവകാശ ലംഘനങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്ന ഒരു രാഷ്ട്രമെന്ന പ്രതിച്ഛായ.

ഇന്ത്യന്‍ പ്രസിഡന്റാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും സത്യപ്രതിജ്ഞ ചൊല്ലി നല്‍കുന്നത്. ഇന്ത്യന്‍ ഭരണഘടനയെ അനുസൃതമായി പ്രവര്‍ത്തിക്കും എന്നാണ് അവര്‍ പ്രതിജ്ഞ ചെയ്യുന്നത്. അത് പാലിക്കുന്നതിലുള്ള അവരുടെ പരാജയമാണ് ഇതുവരെ കണ്ടത്. ഈ പരാജയം ദേശീയ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും നല്ലതല്ല. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ ദ്രുതഗതിയില്‍ നടപടിയെടുക്കുകയും ഇതുപോലുള്ള സംഭവങ്ങളെ തുറന്ന് അപലപിക്കുകയും നീതി നടപ്പിലാക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. അത്തരം നടപടികള്‍ എല്ലാത്തിനെയും പ്രതിരോധിക്കാന്‍ സഹായകമാകും. നമ്മുടെ പരമ്പരാഗത രീതകള്‍ക്കും വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന രാജ്യത്തെ സംസ്‌കാരത്തിനും ജനങ്ങള്‍ക്കുമെതിരെ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ സാധിക്കും.

5000ത്തിലേറെ വര്‍ഷങ്ങളുടെ സ്ഥിരമായ മാറ്റങ്ങളിലൂടെ രൂപപ്പെടുത്തിയെടുത്ത സംസ്‌കാരങ്ങളുടെ സംഗമമാണ് ഇന്ത്യ പ്രതിനിധീകരിക്കുന്നത്. ഈ വൈവിധ്യവും സമൂഹത്തിന്റെ പ്രത്യേക സ്വഭാവവും ഒരുപക്ഷേ ഭൂമിയിലൊടിത്തും ഉണ്ടാവില്ല. ഇക്കാരണം കൊണ്ടാണ് ഏകമത ഐഡന്റിറ്റി അല്ലെങ്കില്‍ ഏകസംസ്‌കാരം ഈ പരിഷ്‌കൃത പാരമ്പര്യത്തിന് അപമാനമായി തോന്നുന്നത്.

ബഹുമാനപ്പെട്ട രാഷ്ട്രപതി, ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നിങ്ങള്‍ രണ്ടുപേരും വിദഗ്ദമായി നിര്‍മ്മിക്കപ്പെട്ട ഭരണഘടന അനുസരിച്ച് രാജ്യത്തെ ഓരോ പൗരന്റേയും സംസാരിക്കാനും ആരാധിക്കാനും ഉള്ള സ്വാതന്ത്ര്യത്തെ ബഹുമാനിക്കുമെന്ന് പ്രതിജ്ഞ ചെയ്തവരാണ്. നിങ്ങളെ പോലെ തന്നെ ഏറെ അനുഭവസമ്പത്തുള്ള മുന്‍ സേവകന്‍ എന്ന നിലയില്‍ ഇതേ ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുമെന്ന് ഞാനും ഉറപ്പുനല്‍കിയിരുന്നു. ഭരണഘടനയുടെ അവതാരികയിലും ഡയറക്റ്റീവ് പ്രിന്‍സിപ്പളിലും പറഞ്ഞപോലെ ഈ മണ്ണിലെ ഓരോ പൗരന്മാരുടെയും അവകാശങ്ങളെ ബഹുമാനിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം ബാദ്ധ്യസ്ഥമാണ്.

സുപ്രീം കമാന്‍ഡര്‍ എന്ന നിലയിലും ചീഫ് എക്‌സിക്യൂട്ടീവ് എന്ന നിലയിലും ഇത് നിങ്ങള്‍ ഉറപ്പുവരുത്തേണ്ടതും ഇന്ത്യയിലെ ജനങ്ങള്‍ നിങ്ങളില്‍ അര്‍പ്പിച്ചിട്ടുള്ള എല്ലാ അധികാര ശക്തികളും ഉപയോഗിച്ച് നടപ്പിലാക്കേണ്ടതുമാണ്. നമ്മള്‍ വേരോടെ പിഴുതെറിഞ്ഞില്ലെങ്കില്‍ പിന്നീട് ഏറെ വൈകിപ്പോകും. ജനാധിപത്യത്തിലുള്ള വിശ്വാസം നിലനിര്‍ത്താനും രാജ്യത്തിന് അന്തസ്സും ഐക്യവും കാത്തുസൂക്ഷിക്കാനും വേണ്ട എല്ലാ നീക്കവും നിങ്ങള്‍ നടത്തണമെന്ന് ഇന്ത്യയിലെ ജനങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

അഡ്മിറല്‍ എല്‍. രാംദാസ്

Tags:    
News Summary - 'Today I am forced to hang my head in shame', Former Navy Chief Tells President And PM In An Open Letter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.