റോഡിലും ട്രെയിനുകളിലും കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്നത് തടയാൻ ഗവൺമെന്റ് നടപടി സ്വീകരിക്കണം-മദ്രാസ് ഹൈകോടതി

ചെന്നൈ: റോഡിലും ട്രെയിനുകളിലും കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗികുന്നത് തടയാൻ നടപടി സ്വീകരിക്കണമെന്ന് തമിഴ്നാട് ഗവൺമെന്റിനോട് മദ്രാസ് ഹൈകോടതി നിർദ്ദേശിച്ചു. ഇതുസംബന്ധിച്ച് കോടതി ഗവൺമെന്റിന് നോട്ടീസയച്ചു. കുട്ടികളെ തെരുവിൽ ഭിക്ഷാടനത്തിന് നിയോഗിക്കുന്നവർക്കെതിരെ നടപടി സ്വകീരിക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിക്കപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഗവൺമെന്റിന് നോട്ടീസയച്ചത്.

റോഡുകളിൽ ഇങ്ങനെ ഭിക്ഷാടനതിന് സ്ത്രീകൾ കുട്ടികളെ കൊണ്ടുവരുന്നുണ്ട്. എന്നാൽ ഈ കുട്ടികൾ ഇവരുടെ യഥാർത്ഥ മക്കളാണോ എന്ന് പരിശോധിക്കാൻ ഗവൺമെന്റ് തയ്യാറാകണമെന്നാണ് പൊതുതാൽപര്യ ഹർജി നൽകിയ കോടമ്പക്കം സ്വദേശിയായ തമിഴ്വേണ്ടൻ ആവശ്യപ്പെട്ടത്. ഇയാളുടെ പരാതി അംഗീകരിച്ച ജസ്റ്റിസുമാരായ മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജി. അരുൾമുരുഗൻ എന്നിവർ ഗവൺമെന്റ് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

റോഡിലും ട്രാഫിക്കിലുമൊക്കെ ധാരാളം സ്ത്രീകൾ കുട്ടികളുമായി ഭിക്ഷാടനത്തിനെത്തുന്നുണ്ട്. എന്നാൽ ഇവരിൽ കുടുതലൂം തമിഴ് സ്ത്രീകളല്ലെന്നും ഇവർ കുട്ടികളെ കടുത്ത ചൂടിലും മഴയിലും യാതൊരു സുരക്ഷയും ഒരുക്കാതെയാണ് കൊണ്ടുപോകുന്നതെന്നും അതിനാൽ ഇവർ സ്വന്തം കുട്ടികളാകാൻ വഴിയില്ലെന്നും പരാതിക്കാരൻ സൂചിപ്പിക്കുന്നു.

ഇത്തരം കുട്ടികളെ എവിടെ നിന്നെങ്കിലും തട്ടിയെടുത്തതാണോ എന്ന് അന്വേഷിക്കണമെന്നും പണം കൊടുത്ത് വാടകക്കെടുത്തതാണോ എന്നും ഏതെങ്കിലും ക്രിമിനൽ സംഘത്തിന്റെ ഭാഗമാണോ എന്നും പരിശോധിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ഇക്കാര്യങ്ങൾ അന്വേഷി​ക്കേണ്ടത് ഗവൺമെന്റി​ന്റെ കടമയാണെന്ന്കോടതി പറഞ്ഞു. കുട്ടികൾ ഇത്തരം സാഹചര്യങ്ങളിൽ വളരുകയാണെങ്കിൽ അവർ സാമൂഹികവിരുദ്ധരാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ഇത്തരം കുട്ടികളെ കണ്ടെത്തി മോചിപ്പിച്ച് ഷെൽറ്ററുകളിലോ മറ്റോ പാർപ്പിക്കേണ്ടത് ഗവൺമെന്റിന്റെ കടമയാണെന്നും ​കോടതി ഓർമിപ്പിച്ചു.

എപ്പോഴും ഉറക്കത്തിലാണ്ടിരിക്കുന്ന കുട്ടികൾക്ക് മയക്കുമരുന്നോ ഉറക്കഗുളികകളോ നൽകുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു. 

Tags:    
News Summary - Government should take action to stop children being used for begging on roads and trains: Madras High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.