ലഖ്നോ: ഭരണഘടന ശിൽപി ബി.ആർ. അംബേദ്കറുടെ 69ാം ചരമദിനത്തിൽ സ്വാതന്ത്ര്യ സമര നായകൻ മൗലാന മുഹമ്മദലി ജൗഹറിനെ പരോക്ഷമായി വിമർശിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയിൽ ജനിച്ച് ഇവിടത്തെ സൗകര്യങ്ങൾ ആസ്വദിക്കുന്ന ഒരു വ്യക്തി ഇന്ത്യൻ മണ്ണിനെ അവിശുദ്ധമായി കണക്കാക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന ഇന്ത്യക്കാരുടെ താൽപര്യത്തിന് ഒരിക്കലും യോജിച്ചതല്ലെന്ന് മൗലാന മുഹമ്മദലിയെക്കുറിച്ച് അംബേദ്കർ പറഞ്ഞെന്നായിരുന്നു യോഗിയുടെ വാദം.
മൗലാന മുഹമ്മദലിയെ മരണാനന്തരം 1931ൽ സ്വന്തം താൽപര്യപ്രകാരം ജറൂസലമിൽ ഖബറടക്കിയതിനെക്കുറിച്ചായിരുന്നു ‘മഹാ പരിനിർവാൺ ദിവസ്’ ചടങ്ങിൽ സംസാരിക്കവെ യോഗിയുടെ പരാമർശം. ‘അക്കാലത്തെ അപകട സാഹചര്യങ്ങളെക്കുറിച്ച് ബാബ സാഹബ് നമ്മെ ബോധവാന്മാരാക്കി. 1923ൽ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം വഹിച്ചിരുന്ന വ്യക്തി വന്ദേമാതരം ചൊല്ലാൻ വിസമ്മതിച്ചുവെന്ന് ഓർക്കണം. തന്റെ അന്ത്യസമയമടുത്തപ്പോൾ ജറൂസലമിൽ മരിക്കണമെന്ന ആഗ്രഹവും അയാൾ പ്രകടിപ്പിച്ചു’ -യോഗി പറഞ്ഞു.
പ്രീണനം നടത്തുന്നവർ രാജ്യത്തിന് ഹാനി വരുത്തുക മാത്രമല്ല, അംബേദ്കറെ അവഹേളിക്കുകയാണെന്നും യു.പി മുഖ്യമന്ത്രി പറഞ്ഞു. ലണ്ടൻ വട്ടമേശ സമ്മേളനത്തിൽ ‘സ്വാതന്ത്ര്യം കൈയിൽ തരാതെ ഞാനെന്റെ രാജ്യത്തേക്കില്ല. ഒരു അടിമരാജ്യത്ത് മരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അടിമരാജ്യത്തെക്കാളും നല്ലത് സ്വതന്ത്രമായ ഈ വിദേശ രാജ്യമാണ്. എന്റെ നാടിന് മോചനം നൽകാൻ നിങ്ങൾ തയാറല്ലെങ്കിൽ ഈ രാജ്യത്ത് എനിക്ക് ആറടി മണ്ണ് തരൂ’ എന്ന് മൗലാന മുഹമ്മദലി പ്രസംഗിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.