ലഖ്നോ: 33 വർഷം മുമ്പ് ബാബരി മസ്ജിദ് തകർക്കപ്പെട്ട അയോധ്യയിൽ സുപ്രീംകോടതി നിർദേശത്തെ തുടർന്ന് പകരം പ്രഖ്യാപിച്ച മസ്ജിദ് നിർമാണം ഇനിയും തുടങ്ങിയില്ല. മസ്ജിദ് നിന്ന സ്ഥലത്തുനിന്ന് 25 കിലോമീറ്റർ മാറി ധനിപൂരിൽ സ്ഥലം കണ്ടെത്തിയ മസ്ജിദിന്റെ നിർമാണപ്രവർത്തനങ്ങൾ അടുത്തവർഷം ഏപ്രിലിൽ തുടങ്ങാനായേക്കുമെന്ന് ചുമതലയുള്ള ഇന്തോ-ഇസ്ലാമിക് കൾചറൽ ഫൗണ്ടേഷൻ (ഐ.ഐ.സി.എഫ്) ചെയർമാൻ സുഫർ ഫാറൂഖി പ്രത്യാശ പ്രകടിപ്പിച്ചു.
മസ്ജിദിന്റെ പ്ലാൻ മുതൽ ഓരോ വിഷയത്തിലും അനിശ്ചിതത്വം നിലനിൽക്കുകയാണ്. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് 2020 ആഗസ്റ്റിൽ അനുവദിച്ച അഞ്ച് ഏക്കർ ഭൂമിയിൽ നിർമിക്കുന്ന മസ്ജിദിനായി ആദ്യം സമർപ്പിച്ച പ്ലാൻ അയോധ്യ ജില്ല ഭരണകൂടം തള്ളിയിരുന്നു. നിർമാണം ആരംഭിക്കാൻ ആദ്യമായി പദ്ധതി രൂപരേഖക്ക് അനുമതി ലഭിക്കണം. പ്രായോഗിക തടസ്സങ്ങളുള്ളതിനാൽ അനുവദിച്ച ഭൂമി പൂർണമായി മസ്ജിദുൾപ്പെടുന്ന പദ്ധതി നിർമാണത്തിന് തികയില്ലെന്ന പ്രതിസന്ധിയുമുണ്ട്. 500 കിടക്കകളുള്ള ആശുപത്രി, സമൂഹ അടുക്കള, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
മസ്ജിദ് നിർമാണത്തിനു മാത്രം 65 കോടിയാണ് പദ്ധതി ചെലവെന്നും നിലവിൽ മൂന്നുകോടി മാത്രമാണ് കരുതലെന്നും സമിതി ചെയർമാൻ ഫാറൂഖി പറഞ്ഞു. 10-15 കോടിയെങ്കിലും ഉണ്ടെങ്കിലേ നിർമാണം ആരംഭിക്കാനാകൂ. വിദേശ സഹായം സ്വീകരിക്കാനുള്ള അനുമതിയടക്കം ലഭിക്കേണ്ടതുണ്ട്. ആവശ്യമായ രേഖകൾ സഹിതം കേന്ദ്രത്തിന് അപേക്ഷ നൽകി കാത്തിരിക്കുകയാണ്. വർഷാവസാനമോ അടുത്ത വർഷമോ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം തുടർന്നു. അതേസമയം, ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് 2.77 ഏക്കർ ഭൂമിയിൽ രാമക്ഷേത്ര നിർമാണം പൂർത്തിയായിട്ടുണ്ട്.
കൊൽക്കത്ത: അയോധ്യയിൽ ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികദിനമായ ഡിസംബർ ആറിന് പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബാബരി മോഡൽ മസ്ജിദിന് ശിലയിട്ട് സസ്പെൻഷനിലുള്ള തൃണമൂൽ എം.എൽ.എ ഹുമയൂൺ കബീർ. പൊലീസ്, ദ്രുത കർമസേന, കേന്ദ്ര സേന എന്നിവ ഒരുക്കിയ വൻ കാവലിൽ നിരവധി പേരുടെ സാന്നിധ്യത്തിലായിരുന്നു മുർഷിദാബാദിലെ ബെൽദംഗയിൽ ശിലയിടൽ ചടങ്ങ്. നിരവധി പേർ പങ്കെടുത്തു.
മസ്ജിദ് നിർമാണത്തിന് ഇഷ്ടികയുമായി ആളുകൾ എത്തുന്നു
പലരും ഇഷ്ടിക ചുമന്നാണ് പരിപാടിക്കെത്തിയത്. ഈ മാസാദ്യത്തിലാണ് ഹുമയൂൺ കബീർ ബാബരി മോഡൽ മസ്ജിദ് നിർമാണം പ്രഖ്യാപിച്ചത്. പിന്നാലെ, എം.എൽ.എയെ വെച്ച് മുഖ്യമന്ത്രി മമത ബാനർജി സംസ്ഥാനത്തെ മുസ്ലിംകളെ ധ്രുവീകരിക്കാൻ ശ്രമിക്കുന്നെന്ന ആരോപണവുമായി ബി.ജെ.പി ആക്രമണം ശക്തമാക്കി. ഇതിനെതുടർന്ന്, വർഗീയ രാഷ്ട്രീയം കളിക്കുന്നെന്ന് ആരോപിച്ച് പാർട്ടി ഹുമയൂൺ കബീറിനെ സസ്പെൻഡ് ചെയ്തിരുന്നു.
അതേസമയം, ശിലയിടൽ ചടങ്ങ് അലങ്കോലമാക്കാൻ ഗൂഢാലോചന നടന്നതായി ഹുമയൂൺ കബീർ പറഞ്ഞു. ഇവിടെ മസ്ജിദിന് പുറമെ ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ഗെസ്റ്റ് ഹൗസ് എന്നിവയും നിർമിക്കുമെന്നും 2026ലെ തെരഞ്ഞെടുപ്പിൽ മുസ്ലിംകൾ 90 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.