വിജയ്

തമിഴ്‌നാട് നിയമസഭയിൽ പ്രത്യേക പ്രമേയം; പൊതുപരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമാക്കും

ചെന്നൈ: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, മറ്റ് പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടികൾ ആരംഭിക്കുന്നതിന് മുൻപായി 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമായും ആലപിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്ന പ്രത്യേക പ്രമേയം തമിഴ്‌നാട് നിയമസഭ ഇന്ന് പാസാക്കും.

തമിഴ്‌നാടിന്റെ ദീർഘകാലമായുള്ള ഈ പരമ്പരാഗത ആചാരം കൂടുതൽ ശക്തമായി നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുഖ്യമന്ത്രി വിജയ് നിയമസഭയിൽ ഈ പ്രമേയം അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ക്ലാസിക്കൽ ഭാഷകളിൽ ഒന്നാണ് തമിഴെന്നും, ലോകസംസ്കാരത്തിൽ തന്നെ ഏറ്റവും പ്രൗഢമായ ഒന്നാണ് തമിഴ് സംസ്‌കാരമെന്നും പ്രമേയത്തിൽ എടുത്തുപറയുന്നു.

സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത് ചടങ്ങുകളുടെ തുടക്കത്തിൽ തന്നെ ആലപിക്കുന്ന രീതിക്ക് ദശാബ്ദങ്ങളുടെ പാരമ്പര്യമുണ്ട്. 1891ൽ മനോന്മണീയം സുന്ദരനാർ രചിച്ച 'മനോന്മണീയം' എന്ന പ്രശസ്ത നാടകത്തിന്റെ ആമുഖത്തിൽ നിന്നുള്ള വരികളാണ് ഈ പ്രാർത്ഥനാഗാനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. 1970 നവംബർ 23നാണ് സർക്കാർ ചടങ്ങുകളിൽ ആദ്യ ഗാനമായി ഇത് ആലപിക്കണം എന്ന ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിക്കുന്നത്.

തുടർന്ന്, 2021 ഡിസംബർ 12ന് തമിഴ് തായ് വാഴ്ത്തിനെ തമിഴ്‌നാടിന്റെ ഔദ്യോഗിക 'സംസ്ഥാന ഗാനമായി' പ്രഖ്യാപിച്ചു. ഇതിനെത്തുടർന്ന് സ്കൂളുകൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവടങ്ങളിലെല്ലാം ഇത് നിർബന്ധമാക്കിക്കൊണ്ട് ഉത്തരവുകൾ ഇറക്കിയിരുന്നു. 1970 മുതൽ ഒരു ആചാരമായും സർക്കാർ ഉത്തരവായും തുടർന്നുപോരുന്ന ഈ രീതി കൂടുതൽ വ്യക്തതയോടെ സ്ഥിരപ്പെടുത്തുകയാണ് പുതിയ പ്രമേയത്തിന്റെ ലക്ഷ്യം.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2026 ജൂലൈ 9ന് സംസ്ഥാന ഗാനം ആലപിക്കുന്നത് സംബന്ധിച്ച് അയച്ച കത്തിന്റെ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സർക്കാർ ഇപ്പോൾ ഇങ്ങനെയൊരു പ്രമേയം സഭയിൽ കൊണ്ടുവരുന്നത്. തമിഴ് ഭാഷയോടും സംസ്‌കാരത്തോടുമുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമാണ് ഈ പ്രാർത്ഥനാഗാനമെന്ന് തമിഴ്‌നാട് സർക്കാർ വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ഭാഷാപരവും സാംസ്കാരികവുമായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചാണ് സംസ്ഥാനം തങ്ങളുടെ സാംസ്കാരിക വ്യക്തിത്വം സംരക്ഷിക്കാൻ മുൻകൈയെടുക്കുന്നത്.

തമിഴ്‌നാട്ടിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർവകലാശാലകളിലും സർക്കാർ ഓഫീസുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും പരിപാടികൾ ആരംഭിക്കുമ്പോൾ 'തമിഴ് തായ് വാഴ്ത്ത്' തന്നെ ആദ്യമായി ആലപിച്ചിരിക്കണമെന്ന് നിയമസഭ ഏകകണ്ഠമായി  നിഷ്കർഷിക്കുന്നു. 

Tags:    
News Summary - പൊതുപരിപാടികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 'തമിഴ് തായ് വാഴ്ത്ത്' നിർബന്ധമാക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.