വോട്ടർമാരെ ഭയക്കാത്ത അധികാരത്തിന്റെ മുഖം; പർവേഷ് വർമക്കെതിരെ രാഹുൽഗാന്ധി

ന്യൂഡൽഹി: റോഡ് പരിശോധനക്കിടെ യുവാവിനെ മർദിച്ച സംഭവത്തിൽ ഡൽഹി പൊതുമരാമത്ത് വകുപ്പ് മന്ത്രി പർവേഷ് വർമക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി. വോട്ടർമാരെ ഭയപ്പെടാത്ത അധികാരത്തിന്റെ മുഖമാണിതെന്ന് രാഹുൽ ഗാന്ധി എക്‌സിൽ കുറിച്ചു. യുവാവിനെ തല്ലുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതികരണം.

റോഡ് നിർമാണത്തിലെ ഗുണനിലവാരത്തെക്കുറിച്ച് ആം ആദ്മി പാർട്ടി എം.എൽ.എ ജർണയിൽ സിങ്ങുമായി സംസാരത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വീഡിയോ ചിത്രീകരിച്ചതിന്റെ പേരിൽ എം.എൽ.എയുടെ സഹായിയായ സാഹിബ് സിങ്ങിനാണ് മർദനമേറ്റത്. ജർണയിൽ സിങ്ങിന്റെ സംഘത്തിലെ അംഗമായ സാഹിബ് സിങ് സംഭാഷണം ലൈവ് സ്ട്രീം ചെയ്യുന്നതിനിടെ പർവേഷ് വർമ മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും യുവാവിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ‘തെരുവിൽ ചോദ്യം ചെയ്താൽ അടി, പേപ്പർ ചോർച്ചയെക്കുറിച്ച് ചോദിച്ചാൽ ലാത്തിച്ചാർജ്, പാർലമെന്റിൽ ചോദ്യം ചോദിച്ചാൽ മൈക്ക് ഓഫാക്കും’ എന്നാണ് രാഹുൽ ഗാന്ധി എക്‌സിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽനിന്ന് പുറത്താക്കപ്പെടുമെന്ന ഭയം ഇല്ലാതായതിനാലാണ് ബി.ജെ.പി നേതാക്കൾ ഇങ്ങനെ പെരുമാറുന്നതെന്നും ‘വോട്ട് മോഷണം’ ഇതിന് ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

എന്നാൽ ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും തന്റെ കുടുംബത്തെ അധിക്ഷേപിച്ചതിനെ തുടർന്നാണ് പ്രതികരിച്ചതെന്നും പർവേഷ് വർമ മറുപടി നൽകി. സംഭവത്തിൽ പർവേഷ് വർമയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആവശ്യപ്പെട്ടു.

Tags:    
News Summary - Rahul Gandhi Targets Parvesh Verma Over Slap Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.